ചെന്നൈ: ഒ.പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കുവാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് കുമാരി ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടാമായതിനെ തുടര്‍ന്നാണ് പനീര്‍ ശെല്‍വം മുഖ്യമന്ത്രിയാകുന്നത്. നാലു വര്‍ഷത്തേക്കാണ് ജയലളിതയെ കോടതി ശിക്ഷിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തേനി ജില്ലയിലെ ബോഡിനായ്കന്നൂര്‍ നിയമ സഭാമണ്ഡലത്തില്‍ നിന്നുമാണ് 63 കാരനായ പനീര്‍ശെല്‍വം നിയമ സഭയില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്ഥനായ പനീര്‍ ശെല്‍വം മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവെച്ചപ്പോളാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. എന്നാല്‍ ആറുമാസത്തിനു ശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ സ്ഥാനം ഒഴിഞ്ഞു.
234- അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എം.എല്‍.എ സ്ഥാനവും നഷ്ടമായി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിതയെ പാര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പലയിടങ്ങളും അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ജയലളിത ജയിലില്‍ ആയതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഇതിനോടകം അഞ്ചുപേര്‍ ജീവനൊടുക്കി.