ന്യൂഡല്‍ഹി: അണ്ണാ ഹസാരെ സംഘത്തിലെ കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു. അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും ശക്തമായ വിമര്‍ശനവുമായി കിരണ്‍ ബേദി രംഗത്ത് വന്നു. ചില വ്യക്തികളുടെ ‘പ്രത്യേക രാഷ്ട്രീയ ലക്ഷ്യം’ മൂലം ഹസാരെ സംഘം സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാണെന്നും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയം ഇല്ലാതാക്കാന്‍ എത്രയും പെട്ടെന്ന് അണ്ണാ ഹസാരെ ഇടപെടണമെന്നും കിരണ്‍ ബേദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബി ജെ പി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിയുടെ വീട് ഉപരോധിച്ച നടപടിയെ കിരണ്‍ ബേദി എതിര്‍ത്തിരുന്നു. എന്നാല്‍ ബേദിയുടെ അഭിപ്രായം തള്ളികൊണ്ട് കെജ്രിവാളിന്റെ നേതൃത്വത്തില്‍ പഴയ ഹസാരെ സംഘം ഞായറാഴ്ചത്തെ ഉപരോധസമരം നടത്തിയത്. ഇതോടെ ഇവര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.