ന്യൂഡല്‍ഹി : ഇന്ത്യയിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ മീതെ സര്‍ക്കാരിന് ഉണ്ടായിരുന്ന നിയന്ത്രണം അവസാനിച്ചു. ഇനി മുതല്‍ പെട്രോളിയം വിലകള്‍ എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് നിശ്ചയിക്കാനാവും. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്ന സബ്സിഡി നിര്‍ത്തലാകുന്നതോടെ വിലകള്‍ ഗണ്യമായി വര്‍ദ്ധിക്കും. നിയന്ത്രണം എടുത്തു കളഞ്ഞ ഉടന്‍ തന്നെ പെട്രോള്‍ വിലയില്‍ മൂന്നര രൂപയുടെയും, ഡീസല്‍ വിലയില്‍ രണ്ടു രൂപയുടെയും, മണ്ണെണ്ണ വിലയില്‍ മൂന്നു രൂപയുടെയും, പാചക വാതക വിലയില്‍ മുപ്പത്തഞ്ചു രൂപയുടെയും വര്‍ദ്ധനവുണ്ടായി.
അന്താരാഷ്‌ട്ര കമ്പോള വിലയ്ക്ക് അനുസൃതമായി വില കൂട്ടാനും കുറയ്ക്കാനും ഈ നടപടി മൂലം കഴിയും എന്ന് സര്‍ക്കാര്‍ അവകാശ പ്പെടുന്നുണ്ടെങ്കിലും വില കൂടുകയല്ലാതെ കുറയും എന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. മുന്‍പും അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയലിന്റെ വില വര്‍ദ്ധിച്ചപ്പോഴൊക്കെ ഇന്ത്യയില്‍ വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ ഇടിവുകള്‍ ഉണ്ടായപ്പോഴൊന്നും ഇന്ത്യയിലെ വിലകളില്‍ കാര്യമായ കുറവ് വന്നിട്ടില്ല.
മുകേഷ് അംബാനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഏറെ നാളായി നടന്നു വരുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഫലമാണ് ഈ തീരുമാനം എന്ന ഇടതു പക്ഷത്തിന്റെ വിമര്‍ശനം അസ്ഥാനത്തല്ല. ഇന്ത്യയില്‍ സ്വന്തം സ്വകാര്യ എണ്ണപ്പാടങ്ങളില്‍ എണ്ണ ഖനനം നടത്തുന്ന അംബാനിക്ക് ഈ നടപടി മൂലം ഉണ്ടാവുന്ന ഗുണങ്ങള്‍ ഏറെയാണ്. സബ്സിഡി ലഭിയ്ക്കുന്ന പൊതു മേഖലാ എണ്ണ കമ്പനികളോട് മത്സരിക്കാനാവാതെ രാജ്യമെമ്പാടുമുള്ള മൂവായിരത്തിലേറെ റിലയന്‍സ് പെട്രോള്‍ പമ്പുകള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. സബ്സിഡി നിര്‍ത്തിയതോടെ പൊതു മേഖലാ പമ്പുകളിലെ വില കുതിച്ചുയരും. ഇതോടെ റിലയന്‍സിന്റെ പമ്പുകള്‍ വീണ്ടും തുറക്കാനാവും. മാത്രമല്ല, പൊതു മേഖലാ എണ്ണ കമ്പനികള്‍ അന്താരാഷ്‌ട്ര വിപണിയിലെ വില നിലവാരത്തിനനുസരിച്ച വിലകള്‍ നിശ്ചയിക്കുമ്പോള്‍, സ്വന്തം എണ്ണപ്പാടങ്ങളില്‍ നിന്നും ഖനനം നടത്തുന്ന റിലയന്‍സിന് വില ഒരല്‍പം കുറച്ചു വിറ്റ്, വിപണി പിടിച്ചടക്കുകയുമാവാം. വില നിയന്ത്രണം ഒഴിവായതോടെ പൊതു മേഖലാ എണ്ണ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനും നിയന്ത്രണം ഉണ്ടാവില്ല. അതോടെ ഈ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി, ഇവയുടെ നിയന്ത്രണം കൂടി സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല.
സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ധര്‍മ്മം മറന്നുള്ള ഈ നടപടിയോടെ ജനങ്ങളുടെ മേല്‍ വരുന്ന അധിക ഭാരം ചിന്തിയ്ക്കാനാവുന്നതിനും അപ്പുറത്താണ്. അടിസ്ഥാന ഗതാഗത ഇന്ധനമായ ഡീസലിന്റെ വിലയില്‍ വരുന്ന വര്‍ദ്ധനവ് ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളുടെയും വില വര്‍ദ്ധനവിന് കാരണമാകും. പ്രത്യേകിച്ചും മിക്ക ചരക്കുകള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍.
സബ്സിഡി എടുത്തു കളയുന്നതോടെ, ഒരു ശരാശരി ഇന്ത്യാക്കാരന് വരുന്ന അധിക ചെലവ്, മാസത്തില്‍ വെറും “200 രൂപ മാത്രം” ആണെന്നാണ് സര്‍ക്കാര്‍ ഇന്നലെ പറഞ്ഞത്. ദാരിദ്ര്യ രേഖയ്ക്ക് കീഴെ 30 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ദാരിദ്ര്യ രേഖയ്ക്കുള്ള അടിസ്ഥാനം മാസ വരുമാനം 300 രൂപ എന്നതാണ് എന്ന് ഓര്‍ക്കുക. അദ്ധ്വാനിയ്ക്കാതെ ലഭിയ്ക്കുന്നതല്ല ഈ അധിക ഭാരമായ 200 രൂപ എന്നത് മറക്കാന്‍ പണക്കൊഴുപ്പുള്ള അധികാരത്തിന്റെ കോലായകളില്‍ വിഹരിച്ച്, അംബാനിയുടെ വീട്ടുവഴക്ക് പരിഹരിക്കാന്‍ ഓടി നടക്കുന്ന രാഷ്ട്രീയ കോമരങ്ങള്‍ക്ക് എളുപ്പമായത് കൊണ്ടാവാം ഇത്തരമൊരു പരാമര്‍ശം നടത്താനുള്ള ധിക്കാരം സര്‍ക്കാര്‍ കാണിച്ചത്.