ഛത്തീസ്ഗഢ് : മാവോയിസ്റ്റുകളെ നേരിടാന്‍ സൈന്യത്തെ നിയോഗിക്കില്ലെന്നു ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള അറിയിച്ചു. കഴിഞ്ഞ മാസം ചേര്‍ന്ന കേന്ദ്ര കാബിനറ്റ് സുരക്ഷാ സമിതിയുടെ തീരുമാനത്തെ കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക വെളിപ്പെടുത്തലാണിത്. മാവോയിസ്റ്റുകളെ നേരിടാന്‍ സൈന്യത്തെ ഉപയോഗിക്കണം എന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഇതിന് എതിരായിരുന്നു.
കാബിനറ്റ് സുരക്ഷാ സമിതി ഈ വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച നടത്തിയ ശേഷമാണ് സൈന്യത്തെ ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചത് എന്ന് പിള്ള അറിയിച്ചു. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും തമ്മില്‍ അഭിപ്രായ ഭിന്നത നില നില്‍ക്കുന്നുണ്ട്. പ്രശ്ന ബാധിത പ്രദേശത്ത് കമാന്‍ഡോകളെ വിന്യസിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം പ്രതിരോധ മന്ത്രാലയം നിരാകരിച്ചു. രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിനെ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും മതിയായ ആള്‍ബലം തല്‍ക്കാലം ഇല്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. മൈനുകള്‍ നിര്‍വീര്യമാക്കാന്‍ സൈന്യത്തിന്റെ സഹായം വേണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടപ്പോള്‍, ഇത്തരമൊരു സൈനിക നീക്കം നടത്തുന്നതിന് മുന്‍പ് പ്രദേശത്തിന്റെ പൂര്‍ണമായ നിയന്ത്രണം സൈന്യത്തിന് പിടിച്ചടക്കേണ്ടി വരുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. പൈലറ്റില്ലാ വിമാനം ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും പ്രതിരോധ മന്ത്രാലയം ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്യാന്‍ ഹെലികോപ്റ്ററുകള്‍ വേണമെന്ന ആവശ്യവും പ്രതിരോധ മന്ത്രാലയം അംഗീകരിച്ചില്ല. ഹെലികോപ്റ്ററുകള്‍ രംഗത്ത് വന്നാല്‍ അത് വ്യോമ സേന രംഗത്ത് വന്നതിനു തുല്യമാണ് എന്നാണു പ്രതിരോധ മന്ത്രാലയം വിശദീകരിക്കുന്നത്.