ഇന്ത്യയും പാക്കിസ്ഥാന്റെ പാത പിന്തുടര്‍ന്ന് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തി ആവുന്ന സ്ഥിതിയിലേക്ക് അതി വേഗം നീങ്ങുകയാണ് എന്ന് സി. പി. എം. ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യുടെ മുഖ്യന്‍ ലിയോണ്‍ പാനെറ്റയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് സി. പി. എം. ഈ ആരോപണം ഉന്നയിച്ചത്. ഈ കൂടിക്കാഴ്ചയോടെ അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ സ്വീകാര്യതയും പദവിയും കൈ വന്നിരിക്കുന്നു. ഇന്‍ഡോ അമേരിക്കന്‍ സഹകരണത്തില്‍ ഒരു പുതിയ വഴിത്തിരിവ് ആണ് ഈ കൂടിക്കാഴ്ച.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമേരിക്കന്‍ ചാര സംഘടനാ മുഖ്യനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. പെരുമാറ്റ ചട്ടം പ്രകാരം ഇന്ത്യന്‍ ചാര സംഘടനയില്‍ തനിക്ക് തുല്യരായ ഉദ്യോഗസ്ഥരെ കാണുന്നതിനു പകരം ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയെ തന്നെ നേരിട്ട് കാണുക വഴി ഈ കൂടിക്കാഴ്ചക്ക് ദൂര വ്യാപകമായ രാഷ്ട്രീയ മാനങ്ങള്‍ ആണ് ഉള്ളത്. ഇത് അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ പദവിയാണ് നല്‍കിയിരിക്കുന്നത് എന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ പ്രക്രിയയില്‍ കൈ കടത്തുകയും സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതില്‍ കുപ്രസിദ്ധമാണ് സി.ഐ.എ. ആ നിലക്ക് ഇത് അപകടകരമായ ഒരു സ്ഥിതി വിശേഷമാണ് സംജാതം ആക്കിയിരിക്കുന്നത്. അമേരിക്കന്‍ ചാര സംഘടന നേരിട്ട് ആഭ്യന്തര മന്ത്രിയേയും പ്രധാന മന്ത്രിയേയും ഒക്കെ കണ്ട് സംസാരിക്കുന്ന പാക്കിസ്ഥാന്റെ അവസ്ഥയിലേക്ക് ഇന്ത്യയും അതിവേഗം എത്തുകയാണ്. അമേരിക്കന്‍ ചാര സംഘടനയും സൈനിക ഏജന്‍സികളും ഇന്ത്യയില്‍ സ്വൈര വിഹാരം നടത്തുകയും ഇന്ത്യയിലെ കാര്യങ്ങളില്‍ നിര്‍ബാധം ഇടപെടുകയും ചെയ്യുന്നതും അതിനെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടേയും ഏറ്റവും ഗൌരവപൂര്‍ണ്ണമായ ആശങ്കക്ക് കാരണം ആയിരിക്കും എന്നും പ്രസ്താവന പറയുന്നു.



ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം എയ്ഡ്സ് രോഗം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു എന്ന മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നു. തന്റെ ആഫ്രിക്കന്‍ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോപ്പ് ബെണഡിക്ട് പതിനാറാമന്‍ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗത്തിന് എതിരെ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്. എയ്ഡ്സിനെ തടുക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗ്ഗം ലൈംഗിക സദാചാരമാണ് എന്നതാണ് വത്തിക്കാന്റെ നിലപാട്. മാനവ രാശി നേരിടുന്ന ഈ ദുരന്തത്തിനെതിരെ ക്രിസ്തീയ സഭയുടെ നേതൃത്വത്തില്‍ ലൈംഗിക സദാചാരം പ്രചരിപ്പിക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് പണം കൊണ്ട് മാത്രം നേരിടാനാവുന്ന ഒരു പ്രശ്നമല്ല. ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്യുന്നതും എയ്ഡ്സിനൊരു പരിഹാരം ആവില്ലെന്ന് മാത്രമല്ല ഗര്‍ഭ നിരോധന ഉറകള്‍ ഈ പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യും എന്നും മാര്‍പാപ്പ പറഞ്ഞു.
പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. യും ഭീകരവാദികളുമായി നില നില്‍ക്കുന്ന ശക്തമായ സഹകരണത്തില്‍ അമേരിക്കന്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഐ.എസ്.ഐ. മത മൌലിക വാദികളോടൊപ്പം ചേര്‍ന്ന് മദ്രസകളിലൂടെ മത പഠനത്തിന്റെ മറവില്‍ മത അസഹിഷ്ണുതയും വിദ്വേഷവും വളര്‍ത്തി ഭീകരര്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.
തനിക്കു നേരെ നടന്ന അനീതിക്കെതിരെ നിരന്തരമായി പോരാടി പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ അന്താരാഷ്ട്ര പ്രതീകമായി മാറിയ മുഖ്തരണ്‍ മായ് വിവാഹിതയായി. 43 കാരിയായ മായി നസീര്‍ അബ്ബാസ് എന്ന ഒരു പോലീസുകാരനെയാണ് ഞായറാഴ്ച മുസ്സഫര്‍ഗര്‍ ജില്ലയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചു വിവാഹം ചെയ്തത്. നസീര്‍ അബ്ബാസിന്റെ രണ്ടാം വിവാഹം ആണിത്.
ഒരു സിനിമാ ഷൂട്ടിങ്ങിനായി കര്‍ണ്ണാടകത്തിലെ കുന്ദാപുര്‍ താലൂക്കിലെ ഒട്ടിനേനെ കടപ്പുറത്ത് വിഖ്യാത കൊമേഡിയന്‍ ചാര്‍ളി ചാപ്ലിന്റെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ച സിനിമാ പ്രവര്‍ത്തകരെ ഹിന്ദുത്വവാദികള്‍ തടഞ്ഞു. ചാര്‍ളി ചാപ്ലിന്‍ കൃസ്ത്യാനിയായതിനാല്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ വാദം. “ഹൌസ്‌ഫുള്‍” എന്ന കന്നഡ സിനിമയുടെ സംവിധായകനായ ഹേമന്ത് ഹെഗ്ഡേക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്. ഹിന്ദുത്വ വാദികള്‍ ആയിരുന്നു എന്നല്ലാതെ ഏത് സംഘമായിരുന്നു ഇതിനു പിന്നില്‍ എന്ന് വെളിപ്പെടുത്താന്‍ താന്‍ തയ്യാറല്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. തങ്ങളെ തടഞ്ഞവര്‍ ഭജ്‌രംഗ് ദള്‍ ആണോ അതോ വേറെ ഏതെങ്കിലും ഹിന്ദു തീവ്രവാദ സംഘമാണോ എന്നൊന്നും താന്‍ വെളിപ്പെടുത്തില്ല. അടുത്തുള്ള സോമേശ്വര ക്ഷേത്രത്തിനെ ബാധിക്കും എന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇവര്‍ ചാപ്ലിന്‍ കൃസ്ത്യാനിയായത് കൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ സമ്മതിക്കില്ല എന്ന്‍ പറഞ്ഞു. എപ്പോഴും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ സുന്ദരമായ കടപ്പുറത്ത് ചാപ്ലിന്റെ പ്രതിമ സ്ഥാപിച്ച് രണ്ട് ഗാനങ്ങളുടെ ചിത്രീകരണം നടത്തണം എന്നായിരുന്നു തങ്ങളുടെ പദ്ധതി. എതിര്‍പ്പുകള്‍ നേരിട്ടതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം വേറെ ഏതെങ്കിലും കടപ്പുറത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഹെഗ്ഡേയും സംഘവും.
























