മുംബൈ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും, എഴുത്തുകാരനും, സാമൂഹിക ശാസ്ത്രജ്ഞനുമായ അസ്ഗര്‍ അലി എഞ്ചിനീയര്‍ (74) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ എട്ടു മണിയോടെ മുംബൈ സാന്താക്രൂസ് ഈസ്റ്റിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1939-ല്‍ രാജസ്ഥാനിലെ സാലുബറിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. മധ്യപ്രദേശിലെ വിക്രം യൂണിവേഴ്സിറ്റിയില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് 20 വര്‍ഷത്തോളം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഞ്ചിനീയറായി ജോലി ചെയ്തു.
ജോലിയില്‍ നിന്നും വി. ആര്‍. എസ്. എടുത്ത് അദ്ദേഹം സമൂഹിക പ്രവര്‍ത്തനത്തിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. 1980-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന് മുംബൈയില്‍ രൂപം നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തി. ഇസ്ലാം വിശ്വാസത്തില്‍ ഊന്നി നിന്നു ക്കൊണ്ട് സാമുദായിക മൈത്രിയുടേയും സമാധാനത്തിന്റെയും വക്താവായി അദ്ദേഹം പ്രവര്‍ത്തിച്ചു. അറബി ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധ ഭാഷകളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. എ ലിവിങ്ങ് ഫെയിത്, മൈ ക്വസ്റ്റ് ഫോര്‍ പീസ്, ഹാര്‍മണി ആന്റ് സോഷ്യല്‍ ചെയിഞ്ച് എന്ന പേരില്‍ ആത്മകഥ എഴുതി. വിവിധ വിഷയങ്ങളെ അധികരിച്ച് അമ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ചുള്ള കമ്യൂണല്‍ ഇന്‍ പോസ്റ്റ് ഇന്‍ഡിപെന്റന്‍സ് ഇന്ത്യ എന്ന കൃതിയുടെ എഡിറ്റര്‍ ആയിരുന്നു അസ്‌ഗര്‍ അലി എഞ്ചിനീയര്‍. കേരള മുസ്ലിംസ്; എ ഹിസ്റ്റോറിക്കല്‍ പെര്‍സ്‌പെക്ടീവ് എന്ന പേരില്‍ ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. കമ്യൂണല്‍ ഹാര്‍മണി അവാര്‍ഡ്, റൈറ്റ് ലൈവ്ലി അവാര്‍ഡ്, ഡാല്‍മിയ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അസ്ഗര്‍ അലി എഞ്ചിനീയറുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം ബുധനാഴ്ച മുംബൈയില്‍ നടക്കും.