ന്യുഡല്‍ഹി: ഇന്ത്യ 21 വിദേശ നിര്‍മ്മിത ആണവ റിയാക്ടറുകള്‍ വാങ്ങുന്നതില്‍ മുന്‍ ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ ആശങ്ക രേഖപ്പെടുത്തി.
ഫ്രഞ്ച് കമ്പനിയായ അറീവയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന യുറോപ്യന്‍ പ്രഷറൈസ്ട് റിയാക്ടറുകളില്‍ ഉപയോഗിച്ചിരിക്കുന്നത് പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി.
മാത്രമല്ല, ഈ പുതിയ സാങ്കേതിക വിദ്യ പഠിച്ച് എടുക്കുവാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ഏറെ സമയം വേണ്ടി വന്നേക്കാം. ഇത് പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രശ്നം കൂടുതല്‍ വഷളാക്കും.
വിദേശ കമ്പനികളുമായി ഉണ്ടാക്കിയ കച്ചവട കരാറുകളുടെ രഹസ്യ സ്വഭാവം ഈ കരാറുകള്‍ ഇന്ത്യക്ക് എത്രത്തോളം അനുകൂലമാവും എന്ന് ഉറപ്പ് വരുത്തുന്നതിനെ ദുഷ്ക്കരമാക്കുന്നു. ഇത് മൂലം ഒരു മെഗാവാട്ട് വൈദ്യുതിക്ക് ഇന്ത്യ 20 കോടി രൂപ വരെ ചിലവാക്കേണ്ടി വന്നേക്കാം എന്ന് ഡോ. ഗോപാല കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ജപ്പാനിലെ ആണവ സ്ഫോടനങ്ങള്‍ ഇന്ത്യക്ക് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ആണവ ഊര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ സ്വതന്ത്ര സ്വഭാവം പണയപ്പെടുത്തിയത് വഴി നമ്മുടെ ആണവ സുരക്ഷ അപകടത്തിലായിരിക്കുന്നു. നറോറ ആണവ കേന്ദ്രത്തില്‍ സുരക്ഷാ പാളിച്ചകള്‍ മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈഗയിലെ റിയാക്ടര്‍ കെട്ടിടം തകര്‍ന്നു. എന്നാല്‍ ഭാഗ്യവശാല്‍ ഇവയൊന്നും വലിയ ദുരന്തങ്ങളിലേക്ക് വഴി തെളിച്ചില്ല.
ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സാര്‍ക്കോസിക്ക് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് നല്‍കിയ വാക്ക് പാലിക്കാനാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും റിയാക്ടറുകള്‍ വാങ്ങുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ വക വെയ്ക്കാതെ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ പാലിക്കാനും അമേരിക്കന്‍ ചേരിയെ പ്രീണിപ്പിച്ചു നിര്‍ത്താനും സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം ഇന്ന് ജപ്പാന്‍ നേരിടുന്നതിലും വലിയ ഒരു ദുരന്തത്തിന് ഇന്ത്യ സാക്ഷിയാകേണ്ടി വരുന്ന ഒരു ദുരവസ്ഥയ്ക്ക് കാരണമായേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.