മുംബൈ : പ്രമുഖ കാര്‍ട്ടൂണിസ്റ്റും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അസിം ത്രിവേദിയെ ദേശ വിരുദ്ധ കാര്‍ട്ടൂണുകള്‍ വരച്ചു എന്ന് ആരോപിച്ച് അറസ്റ്റു ചെയ്തതിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം. ഞായറാഴ്ച അറസ്റ്റു ചെയ്ത ത്രിവേദിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഐ. പി. സി. 124 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് അദ്ദേഹത്തിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഒപ്പം ദേശീയ ചിഹ്നങ്ങളോട് അനാദരവു കാട്ടിയെന്നതിന്റെ പേരില്‍ നാഷ്ണല്‍ എംബ്ലം ആക്ടും ചുമത്തിയിട്ടുണ്ട്.
ശക്തമായ രാഷ്ടീയ കാര്‍ട്ടൂണുകളിലൂടെ അസിം ത്രിവേദി കേന്ദ്ര സര്‍ക്കാറിനെ തുറന്നെതിർത്തിരുന്നു. പാര്‍ലമെന്റില്‍ പോലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അഴിമതിയെ തുറന്നു കാട്ടുന്ന നിരവധി കാര്‍ട്ടൂണുകള്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ എഗെയ്‌ന്‍സ്റ്റ് കറപ്ഷന്‍ ഡൊട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വെബ്സൈറ്റിനെതിരെയും പോലീസ് നടപടിയുണ്ടായി. ഈ ബ്ലോഗ്ഗില്‍ ത്രിവേദിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ത്രിവേദിക്കെതിരായ നടപടിയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്ന് അവര്‍ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനം ഒന്നും നടത്തിയിട്ടില്ലെന്ന് പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡ്യ കഠ്ജു വ്യക്തമാക്കി.