

- എസ്. കുമാര്‍
വായിക്കുക: അഴിമതി, കോടതി, തട്ടിപ്പ്

ന്യൂഡൽഹി : 2ജി സ്പെക്ട്രം കേസിൽ പി. ചിദംബരത്തിന്റെ പങ്കിനെ കുറിച്ച് സി. ബി. ഐ. അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നല്കിയ രണ്ട് ഹരജികൾ സുപ്രീം കോടതി തള്ളി. മുൻ ടെലികോം മന്ത്രി എ. രാജയ്ക്കൊപ്പം സ്പെക്ട്രം കേസിൽ പി. ചിദംബരത്തിനെയും കൂട്ടുപ്രതി ആക്കണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ജനതാ പാർട്ടി അദ്ധ്യക്ഷൻ സുബ്രമണ്യം സ്വാമിയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണുമാണ് പരാതിക്കാർ. കേസിൽ ചിദംബരത്തെ പ്രതിയാക്കാൻ വേണ്ട തെളിവൊന്നുമില്ല എന്ന് സി. ബി. ഐ. മുൻപ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. സ്പെക്ട്രം അനുവദിച്ചതിൽ തകരാറ് സംഭവിച്ചിട്ടുണ്ടെങ്കിലും അതിന് ചിദംബരവും രാജയും തമ്മിൽ കുറ്റകരമായ ഗൂഢാലോചന നടന്നു എന്നൊന്നും അർത്ഥമില്ല എന്ന് കോടതി നിരീക്ഷിച്ചു.
കോടതി വിധിയുടെ പകർപ്പ് ലഭിച്ചതിന് ശേഷം അപ്പീൽ സമർപ്പിക്കും എന്ന് സുബ്രമണ്യം സ്വാമി അറിയിച്ചു. മൂല്യമേറിയ മൊബൈൽ ശൃംഖലാ ലൈസൻസുകൾ തുച്ഛമായ വിലയ്ക്ക് നൽകിയ രാജ ലൈസൻസുകൾ ലേലം ചെയ്യണം എന്ന ഉപദേശം തള്ളിക്കളഞ്ഞിരുന്നു. അപേക്ഷ ലഭിക്കുന്ന ക്രമത്തിൽ ലൈസൻസുകൾ നൽകും എന്ന് പറഞ്ഞ രാജ പിന്നീട് കൈക്കൂലി വാങ്ങി ചില കമ്പനികളെ ക്രമം തെറ്റിച്ച് മുൻപിൽ എത്തിച്ചത് പുറത്തായതോടെയാണ് തടവിലായത്. തന്റെ തീരുമാനങ്ങൾ എല്ലാം ചിദംബരത്തിനേയും പ്രധാനമന്ത്രിയേയും സമയാസമയം അറിയിച്ചിരുന്നു എന്ന് രാജ വിചാരണയ്ക്ക് ഇടയിൽ കോടതിയെ അറിയിച്ചിരുന്നു.
ധനമന്ത്രിയായിരുന്ന ചിദംബരത്തെ അഴിമതി വിരുദ്ധ നിയമവും മറ്റ് ക്രിമിനൽ നിയമങ്ങളും പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ മതിയായ തെളിവ് ഉണ്ട് എന്ന് സുബ്രമണ്യം സ്വാമി വ്യക്തമാക്കുന്നു.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി

ന്യൂഡൽഹി : ആത്മഹത്യ ചെയ്ത മുൻ എയർ ഹോസ്റ്റസ് ഗീതിക ശർമ്മയുടെ തൊഴിൽ കരാറിൽ ജോലി കഴിഞ്ഞാൽ മന്ത്രിയെ ചെന്നു കാണണം എന്ന വിചിത്രമായ വ്യവസ്ഥ ഉണ്ടായിരുന്നതായി വെളിപ്പെട്ടു. ഇത് തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ആണെന്ന ഗീതികയുടെ ആത്മഹത്യാ കുറിപ്പിന് ബലം നല്കുന്നു.

23 കാരിയായ ഗീതിക രണ്ടാഴ്ച്ച മുൻപാണ് ന്യൂഡൽഹിയിലെ സ്വവസതിയിൽ തൂങ്ങിമരിച്ചത്. 2006ൽ 17 വയസുള്ളപ്പോഴാണ് ഗീതിക ആദ്യമായി കാണ്ടയുടെ ഉടമസ്ഥതയിൽ ഉള്ള എം. ഡി. എൽ. ആർ. എന്ന വിമാന കമ്പനിയിൽ ജോലിക്ക് ചേർന്നത്. അതേ വർഷം തന്നെ ഗീതിക ജോലി രാജി വെയ്ക്കാൻ തുനിഞ്ഞെങ്കിലും കമ്പനി ശമ്പളം വർദ്ധിപ്പിക്കുകയായിരുന്നു. 2009ൽ കമ്പനി പ്രവർത്തനം നിർത്തിയപ്പോൾ ഗീതിക ദുബായിൽ എത്തി എമിറേറ്റ്സിൽ ജോലിക്ക് പ്രവേശിച്ചു. എന്നാൽ വെറും 7 മാസത്തിനകം അവർ വീണ്ടും ഡൽഹിയിൽ തിരിച്ചെത്തി കാണ്ടയുടെ തന്നെ മറ്റൊരു കമ്പനിയിൽ ജോലിക്ക് ചേർന്നു.
നിരന്തരം കാണ്ട ഗീതികയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് ഗീതികയുടെ കുടുംബം പറയുന്നത്. തന്റെ ജോലി ഉപേക്ഷിച്ച് ദുബായിലേക്ക് പോയ ഗീതികയെ ഭീഷണിപ്പെടുത്തുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിനെ തുടർന്നാണ് ഗീതിക തിരികെ ഡൽഹിയിൽ വീണ്ടുമെത്തി കാണ്ടയുടെ കീഴിൽ വീണ്ടും ജോലി നോക്കിയത് എന്നും ഇവർ പറയുന്നു. ഈ ജോലിയുടെ കരാറിലാണ് ജോലി സമയത്തിന് ശേഷം കാണ്ടയെ ഗീതിക നേരിട്ട് വന്ന് കാണണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നത് എന്നാണ് പുതിയ വെളിപ്പെടുത്തൽ.
മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ഇപ്പോഴും ഒളിവിലാണ്. കാണ്ടയുടെ ഓഫീസ് കമ്പ്യൂട്ടറിൽ നിന്നും ഗീതികയ്ക്ക് അയച്ച ഈമെയിലുകൾ എല്ലാം നീക്കം ചെയ്തിരിക്കുന്നതായി പോലീസ് കണ്ടെത്തി. ഗീതികയുടെ ലാപ് ടോപ്പിൽ നിന്നും എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്, പീഡനം, വിമാനം, സ്ത്രീ

ന്യൂഡല്‍ഹി : വ്യോമയാന മന്ത്രാലയത്തില്‍ ജോയന്റ് സെക്രട്ടറിയും സാമ്പത്തിക ഉപദേശകനുമായ ഇ. കെ. ഭരത് ഭൂഷണ്‍ വ്യോമയാന മന്ത്രാലയത്തില്‍നിന്നു പുറത്താക്കി. വ്യോമയാന വ്യോമയാന മന്ത്രി അജിത് സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഈ തീരുമാനത്തിനു പിന്നിൽ എന്ന് കരുതുന്നു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭരത് ഭൂഷണ്‍ എതിര്‍ത്തിരുന്നു. ഇത് കൂടുതല്‍ ബാധിച്ചത് മദ്യ രാജാവ് വിജയ് മല്ല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷറിനെ ആയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും സര്‍വീസുകള്‍ താറുമാറാവുകയും ചെയ്ത കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന നിലപാടിലായിരുന്നു ഭരത് ഭൂഷണ്‍. 15 വര്‍ഷം എന്നത് 25 വര്‍ഷമായി ഉയര്‍ത്തണമെന്ന ചില വ്യവസായ ഗ്രൂപ്പുകളുടെ ആവശ്യത്തിന് മന്ത്രി അജിത് സിങ് അംഗീകാരം നല്‍കിയിരുന്നു. ഉരുക്കു മന്ത്രാലയത്തിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. എന്നാല്‍ ഈ സ്ഥലം മാറ്റത്തില്‍ ഏതെങ്കിലും വിമാനക്കമ്പനിയുമായി ബന്ധം ഇല്ലെന്നും, പതിവു നടപടി മാത്രമാണ് ഇതെന്നും വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തൊഴിലാളി, പീഡനം

ന്യൂഡൽഹി : അഴിമതി കേസില്‍ പ്രത്യേക കോടതി കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി വീരഭദ്ര സിങ്ങ് രാജി വെച്ചു. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവായ സിങ്ങ് 1989-ല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ സിങ്ങിന്റെ ഭാര്യയും പ്രതിയാണ്. മൊഹീന്ദര്‍ ലാല്‍ എന്ന ഐ. എസ്. എസ്. ഉദ്യോഗസ്ഥനുമായും ചില വ്യവസായികളുമായും വീരഭദ്ര സിങ്ങ് നടത്തിയ സംഭാഷണത്തിന്റെ ശബ്ദ രേഖ പുറത്തു വന്നിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായക തെളിവായി മാറി.
2010-ല്‍ ആണ് അഴിമതിക്കേസില്‍ സിങ്ങിനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. ഇത് റദ്ദാക്കണമെന്നും കേസ് സി. ബി. ഐ. ക്ക് വിടണമെന്നുമുള്ള സിങ്ങിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണയിലാണ്. അഞ്ചു തവണ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നു വീരഭദ്ര സിങ്ങ്. യു. പി. എ. സര്‍ക്കാരില്‍ നിന്നും അഴിമതിയുമായി ബന്ധപ്പെട്ട് രാജി വെയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സിങ്ങ്. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ എ. രാജയും, ദയാനിധി മാരനും നേരത്തെ രാജി വെച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍