ന്യൂഡല്‍ഹി : ഗംഗയുടെ തീരത്ത് നടക്കുന്ന അനധികൃത ഖനനം നിര്‍ത്തലാക്കി ഗംഗയെ മലിനീകരണത്തില്‍ നിന്നും മുക്തമാക്കണം എന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചയാള്‍ ഇന്ന് രാവിലെ മരണമടഞ്ഞു. ഫൈവ് സ്റ്റാര്‍ സത്യഗ്രഹികള്‍ക്ക് ഒത്താശയുമായി മന്ത്രിമാരും അധികാര വര്‍ഗ്ഗവും ഓടി നടന്ന് പഴച്ചാറ് നല്‍കി നിരാഹാരം അവസാനിപ്പിക്കുന്ന കാലത്ത് ഗംഗയെ രക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്വാമി നിഗമാനന്ദ് മരിച്ചത് ബാബാ രാംദേവ് കഴിഞ്ഞ ദിവസം കിടന്ന ഹിമാലയന്‍ ആശുപത്രിയിലെ അതേ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ തന്നെയാണ് എന്നത് വിചിത്രമായ വൈരുദ്ധ്യമായി. 73 ദിവസമായി തുടരുന്ന ഈ സമരത്തിന് പക്ഷെ താര പരിവേഷം ഉണ്ടായിരുന്നില്ല. ബാബാ രാംദേവ് പഴച്ചാറ് കുടിച്ചു നിരാഹാരം അവസാനിപ്പിച്ചു മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ഗംഗയെ മാലിന്യ വിമുക്തമാക്കാനായി രണ്ടര മാസത്തോളം ഹരിദ്വാറില്‍ നിരാഹാര സമരം ചെയ്ത സ്വാമി നിഗമാനന്ദ് അന്ത്യ ശ്വാസം വലിച്ചത്.
ബാബാ രാംദേവ് നിരാഹാരം അവസാനിപ്പിക്കുന്നു
68 ദിവസമായി ഇദ്ദേഹം തന്റെ ആശ്രമത്തില്‍ നിരാഹാര സമരം ചെയ്തു വരികയായിരുന്നു എന്ന് ഋഷികേശ് അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് പ്രതാപ് ഷാ അറിയിച്ചു. എന്നാല്‍ ഈ ഒറ്റയാള്‍ പോരാട്ടം ആരും തിരിഞ്ഞു നോക്കിയില്ല. ഗംഗയെ മലിനമാക്കി അനധികൃത ഖനനം നടത്തുന്നവര്‍ കോടതിയില്‍ നിന്നും ഇടക്കാല വിധി സമ്പാദിച്ചു ഖനനം അനുസ്യൂതം തുടര്‍ന്നു. ആരോഗ്യ നില ഏറെ വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹിമാലയന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസം ഇദ്ദേഹം ബാബാ രാംദേവിനെ പ്രവേശിപ്പിച്ച അതെ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചു കിടന്നു.
സ്വാമി നിഗമാനന്ദ്
അവസാനം മരണത്തിന് മുന്‍പില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ഭൌതിക ശരീരം ആശുപത്രിയില്‍ നിന്നും കൊണ്ടു പോവുമ്പോള്‍ ആ പരിസ്ഥിതി സ്നേഹി മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി വാദികളുടെയും ഒന്നും അകമ്പടിയില്ലാതെ തന്റെ അവസാനത്തെ യാത്രയില്‍ മറ്റ് ആരെയും പോലെ ഏകാകിയായിരുന്നു.