അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില രേഖകൾ നശിപ്പിച്ചതായി ഗുജറാത്ത് സർക്കാർ ജസ്റ്റിസ് നാനാവതി കമ്മീഷൻ മുൻപാകെ സമ്മതിച്ചു. ഗുജറാത്തിൽ കലാപം നടക്കുമ്പോൾ സർക്കാറിന്റെ ഭാഗത്തു നിന്നും കുറ്റകരമായ നിഷ്ക്രിയത്വം ഉണ്ടായതായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ഐ. എ. എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ വാദത്തിന് ഉപോൽബലകമായ ചില രേഖകളാണ് നശിപ്പിക്കപ്പെട്ടത്. ഈ രേഖകൾ കമ്മീഷൻ സമക്ഷം ഹാജരാക്കണം എന്ന ഭട്ടിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ഭട്ട് ഹൈക്കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി നൽകി. ഈ രേഖകൾ നശിപ്പിക്കപ്പെട്ടതായി അന്ന് ഒരു സർക്കാർ അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇത് സർക്കാർ ഉടൻ തന്നെ നിഷേധിച്ചു. ഭട്ടിന്റെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി ഈ രേഖകൾ ഭട്ടിന് ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കോടതി നിർദ്ദേശപ്രകാരം രേഖകൾ ഉടൻ ഹാജരാക്കാം എന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഭട്ട് ആവശ്യപ്പെട്ട 47 രേഖകളിൽ വെറും 16 എണ്ണം മാത്രമാണ് സർക്കാർ ഹാജരാക്കിയത്. ബാക്കിയുള്ളവ ചട്ടപ്പടി നടപടി അനുസരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ നശിപ്പിച്ചു എന്നാണ് ഗുജറാത്ത് സർക്കാർ ഇപ്പോൾ പറയുന്നത്.