ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിയായ പി. ഡി. പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ കോടതി തള്ളി. അതീവ ഗുരുതരമായ കേസാണിത് എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. തീവ്രവാദ സ്വഭാവമുള്ള ഇത്തരം കേസുകളില്‍ കോടതിക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൌരവവും കണക്കിലെടുത്തേ മതിയാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പ്രഥമ ദൃഷ്ട്യാ ബോംബ് സ്ഫോടനവുമായി മഅദനിക്കുള്ള ബന്ധം വ്യക്തമാക്കുന്നതായി കോടതി കണ്ടെത്തി. പ്രതിഭാഗം വക്കീലിന്റെ വാദങ്ങള്‍ കോടതി സ്വീകരിച്ചുമില്ല. തങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.



ന്യൂഡല്‍ഹി : കര്‍ണാടക ചീഫ് ജസ്റ്റിസ് പി. ഡി. ദിനകരനോട് അവധിയില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഈ ആരോപണത്തെ തുടര്‍ന്ന്‍ ദിനകരനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത് തടഞ്ഞിരുന്നു, ദിനകരനെ ഇംപീച് ചെയ്യുന്നതിന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി അനുമതിയും നല്‍കിയിരുന്നു. ഭൂമി ഇടപാടില്‍ ഉള്പെട്ടതിനെ തടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിള്‍ നിന്നും വിട്ടു നില്‍ക്കുക യായിരുന്നു. ഡല്‍ഹി ഹൈക്കോടതി യിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മദന്‍ ഇ. ലോക്കോറിനെ കര്‍ണാടക ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
റായ് ബറേലി : തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണ് ബാബറി മസ്ജിദ് തകര്‍ന്ന ദിനം എന്ന എല്‍. കെ. അദ്വാനിയുടെ പരാമര്‍ശം വ്യാജമാണെന്ന് ഇന്നലെ കോടതിയില്‍ റോ ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നല്‍കിയ മൊഴി വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ന്ന വേളയില്‍ കാര്യങ്ങളുടെ മേല്‍ നോട്ടം വഹിക്കാന്‍ എത്തിയ നേതാക്കളോടൊപ്പം, തകര്‍ന്ന പള്ളിയുടെ 150 മീറ്റര്‍ അടുത്ത് അദ്വാനി നിന്ന കാര്യം അഞ്ജു കോടതിയെ അറിയിച്ചു. നേതാക്കളാരും കര്‍സേവകരെ തടയാന്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല, പള്ളിയുടെ താഴികക്കുടം തകര്‍ന്ന ഉടനെ എല്ലാവരും പരസ്പരം അനുമോദിക്കുകയും സന്തോഷം പങ്കു വെക്കുകയും ചെയ്തു എന്നും അഞ്ജു ഗുപ്ത വെളിപ്പെടുത്തി. ബാബറി മസ്ജിദ് തകര്‍ന്ന കാലയളവില്‍ അദ്വാനിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥ ആയിരുന്നു അഞ്ജു ഗുപ്ത. അന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ ആരും തന്നെ അദ്വാനിക്കെതിരെ സി.ബി.ഐ. ക്ക് മുന്‍പില്‍ മൊഴി നല്‍കാന്‍ തയ്യാറാവാഞ്ഞ സാഹചര്യത്തില്‍ അഞ്ജു ഗുപ്ത മാത്രമാണ് സത്യം വെളിപ്പെടുത്താന്‍ മുന്നോട്ട് വന്നത്.
ന്യൂ ഡല്‍ഹി : സുപ്രീം കോടതി വിധിയെ മറികടക്കാനായി കേരളം നടത്തിയ നിയമ നിര്‍മ്മാണം ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് ബോധിപ്പിച്ചു. 2006 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി വിധി വന്ന് ദിവസങ്ങള്‍ക്കകം തിരക്കിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണം ഭരണ ഘടനയ്ക്ക് എതിരാണ്. പാര്‍ലമെന്റിനോ അസംബ്ലിക്കോ ഇത്തരത്തില്‍ സുപ്രീം കോടതി വിധിയെ ദുര്‍ബലമാക്കാന്‍ അധികാരമില്ല എന്നും തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരായ മുന്‍ അറ്റോണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ. പരാശരന്‍ ഇന്നലെ (ബുധന്‍) സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. 
























