ധാര്‍മ്മികതയില്‍ ഊന്നിയ പൊതുജന അഭിപ്രായം ഒരാളുടെ ഭരണഘടനാ പരമായ മൌലിക അവകാശങ്ങള്‍ നിഷേധിക്കുവാനുള്ള ന്യായീകരണം ആകുന്നില്ല എന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. പൊതുവായ ധാര്‍മ്മികതയേക്കാള്‍ ഭരണഘടനാപരമായ ധാര്‍മ്മികതയാണ് പ്രധാനം. ധാര്‍മ്മിക രോഷം, അതെത്ര തന്നെ ശക്തമാണെങ്കിലും, ഒരാളുടെ മൌലിക അവകാശങ്ങളും സ്വകാര്യതയും നിഷേധിക്കാനുള്ള അടിസ്ഥാനം ആവില്ല. ഭൂരിപക്ഷ അഭിപ്രായം പ്രതികൂലമാണെങ്കിലും നമ്മുടെ വ്യവസ്ഥിതിയില്‍ മൌലിക അവകാശത്തിന്റെ സ്ഥാനം പൊതു ധാര്‍മ്മികതയുടെ മുകളില്‍ തന്നെയാണ് എന്നും ചീഫ് ജസ്റ്റിസ് എ. പി. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലാതാക്കുന്ന വിധി പ്രസ്താവിക്കവെയാണ് കോടതി ഈ ഉത്തരവ് ഇറക്കിയത്. സ്വവര്‍ഗ്ഗ രതി പൊതു ധാര്‍മ്മികതക്ക് എതിരാണെന്നും നിയമ സാധുത ലഭിക്കുന്ന പക്ഷം സമൂഹത്തിന്റെ ധാര്‍മ്മിക അധഃപതനത്തിന് അത് ഇടയാക്കും എന്ന സര്‍ക്കാര്‍ നിലപാട് കോടതി തള്ളിക്കളഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ സ്വകാര്യമായി പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗിക വൃത്തിയെ നിയന്ത്രിക്കാന്‍ പൊതു ധാര്‍മ്മികതയുടെ പേരില്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് നിലനിര്‍ത്തണം എന്ന ഇന്ത്യന്‍ യൂണിയന്റെ നിലപാട് അംഗീകരിക്കാന്‍ തങ്ങള്‍ക്ക് ആവില്ല എന്ന് 105 പേജ് വരുന്ന വിധി പ്രസ്താവനയില്‍ കോടതി ചൂണ്ടിക്കാട്ടി.