കൊല്‍ക്കത്ത: സിംഗൂരിലെ വിവാദ ഭൂമി ടാറ്റാ മോട്ടോഴ്‌സിനു തന്നെ വിട്ടു കൊടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ടാറ്റയില്‍ നിന്ന് മമത സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്തത് നിയമ വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവുമാണെന്നും കോടതി പറഞ്ഞു. ഇതോടെ കഴിഞ്ഞ എട്ട് മാസമായി തുടരുന്ന വാദപ്രതിവാദങ്ങള്‍ ടാറ്റക്ക് അനുകൂലമായി മാറി. ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ജഡ്ജിമാരായ പിനാകി ചന്ദ്രഘോഷും മൃണാള്‍ കാന്തി ചൗധുരിയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ടാറ്റയ്ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വിധിയില്‍ അസംതൃപ്തിയുള്ളവര്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാമെന്നും അതിന് രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട് എന്നും കോടതി അറിയിച്ചു.
ബുദ്ധദേവിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാറാണ് സിംഗൂരിലെ ഭൂമി കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ടാറ്റാ മോട്ടോഴ്‌സിന് നല്‍കിയത്. തുടര്‍ന്ന് നിരവധി സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നടന്നു. 37 വര്‍ഷം നീണ്ടു നിന്ന ബംഗാളിലെ സി. പി. എം. ഭരണം തകരുന്നതിനു വരെ ഈ ഭൂമി കൈമാറ്റം വഴി വെച്ചു. എന്നാല്‍ മമത ഭൂമി തിരിച്ചെടുക്കാനുള്ള നിയമം കൊണ്ടു വന്നപ്പോള്‍ ഇടതു മുന്നണി അംഗങ്ങള്‍ ഈ നിയമം ഭരണ ഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു. ഈ വിധി സിംഗൂരിലെ കര്‍ഷകരെ സംബന്ധിച്ച് തികച്ചും ദുര്‍വിധി തന്നെയാണ്.