ന്യൂഡൽഹി : ഡെൽഹി പീഡന കേസിൽ പ്രധാനമായും ഫോറൻസിൿ തെളിവുകളുടെ പിൻബലത്തിലാണ് പ്രോസിക്യൂഷൻ കേസ് വാദിക്കുക. 20 മിനിറ്റിൽ ഒരു പീഡനം വീതം നടക്കുന്ന ഇന്ത്യയിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് ഏറ്റവും കുറവായതിന്റെ കാരണവും ഫോറൻസിൿ തെളിവുകളുടെ ദൌർബല്യം തന്നെ. ഇത്തരം തെളിവുകൾ പലപ്പോഴും പോലീസ് കെട്ടിച്ചമയ്ക്കുകയാണ് പതിവ് എന്നതാണ് ഡൽഹി പീഡന കേസിലെ പ്രതികളുടെ അഭിഭാഷകരുടെ പ്രധാന വാദം.
തന്റെ കക്ഷി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത് പോലുമില്ല എന്നാണ് ഒരു പ്രതിയായ വിനയ് ശർമ്മയുടെ അഭിഭാഷകൻ പറയുന്നത്. ഇയാളുടെ അടിവസ്ത്രങ്ങളിലെ രക്തക്കറ പെൺകുട്ടിയുടെ രക്തവുമായി ഡി. എൻ. എ. പരിശോധനയിൽ സാമ്യമുള്ളതായി തെളിഞ്ഞു എന്നാണ് പ്രോസിക്യൂഷന്റെ ഒരു പ്രധാന കണ്ടെത്തൽ. എന്നാൽ ഇയാൾ തന്നെ ബസിൽ ഇല്ല എന്ന് പ്രതിയുടെ വക്കീൽ വാദിക്കുന്നതോടെ തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന വാദത്തിന് ബലം ലഭിക്കുന്നു.
കൂട്ട ബലാൽസംഗ കേസുകളിൽ സംഘത്തിലെ ഒരാൾക്കെതിരെ കൃത്യം നടത്തിയതായി പോലീസ് തെളിയിച്ചാൽ മതി എന്നാണ് ഇന്ത്യയിലെ നിയമം. കുറ്റത്തിന്റെ ഉത്തരവാദിത്തം സംഘത്തിലുള്ള എല്ലാവർക്കും തുല്യമാണ്. എന്നാൽ പോലീസ് കുറ്റം തെളിയിക്കാൻ മുതിരുന്ന പ്രതി തന്നെ ബസിൽ ഇല്ലായിരുന്നു എന്ന ദിശയിലേക്കാണ് പ്രതിയുടെ അഭിഭാഷകന്റെ വാദം എന്നത് കേസിനെ ദുർബലമാക്കും.
പോലീസ് 10 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയതാണ് മറ്റൊരു ആരോപണം. പോലീസ് പ്രതികളുടെ മേൽ കുറ്റം ആരോപിക്കുകയും അത് തെളിയിക്കാനുള്ള വ്യഗ്രതയിൽ വ്യാജമായി തെളിവുകൾ സൃഷ്ടിക്കുകയുമാണ് ചെയ്തത്. അതാണ് കേവലം 10 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാകാൻ കാരണം. ഇതിന് മുൻപ് എന്നെങ്കിലും ഇത്തരത്തിൽ ഒരു അന്വേഷണം 10 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചരിത്രം ഇന്ത്യയിലുണ്ടോ എന്നാണ് ഒരു സംഘത്തിലുള്ളവർ പെൺകുട്ടിയെ ആക്രമിക്കുന്ന സമയം മുഴുവൻ ബസ് ഓടിച്ച മുകേഷ് സിങ്ങ് എന്ന പ്രതിയുടെ അഭിഭാഷകന്റെ ചോദ്യം.