അഹമ്മദാബാദ്: മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട ലഷ്കറെ തോയിബ തീവ്രവാദികള്‍ എന്ന് ആരോപിച്ച് ഇസ്രത്ത് ജഹാന്‍, പ്രാണേഷ് കുമാര്‍ എന്നിവരെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഗുജറാത്ത് ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏറ്റുമുട്ടലിനു മുമ്പേ തന്നെ ഇവരെ വധിച്ചിരുന്നുവെന്നാണ് എസ്. ഐ. ടി. റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നരേന്ദ്ര മോഡി കൂടുതല്‍ പ്രതിരോധത്തിലായി. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ സെക്ഷന്‍ 302 പ്രകാരം പുതിയ എഫ്. ഐ. ആര്‍. സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. ഗുജറാത്തില്‍ ഭീകരാണെന്ന് ആരോപിച്ച് നാലു പേരെ 2004 ജൂണ്‍ 15ന് പോലീസ് വധിച്ചത്. ഏറ്റുമുട്ടലിലായിരുന്നു ഇവരെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസിന്റെ വാദം.