ന്യൂഡല്‍ഹി: മദ്യ വ്യവസായിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ടീം ഉടമയുമായ വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയ്ക്കെതിരെ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. ഐ. പി. എല്‍ ക്രിക്കറ്റില്‍ കളിക്കാനെത്തിയ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ ഓസ്‌ട്രേലിയന്‍ താരം ലൂക്ക് പോമേഴ്‌സ് ബാക്ക് ഹോട്ടലില്‍ വെച്ച് തന്നെ അപമാനിച്ചുവെന്ന് പരാതി നല്‍കിയ യുവതി തന്നെയാണ് സിദ്ധാര്‍ത്ഥ് മല്യയ്ക്കെതിരെയും വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണ വിധേയനായ ലൂക്ക് പോമേഴ്‌സിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. തന്റെ ടീമിലെ താരത്തിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ സിദ്ധാര്‍ത്ഥ് മല്യ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത പ്രതികരണം അധിക്ഷേപകരമാണെന്ന് കാണിച്ചാണ് യുവതി നിയമ നടപടിക്കൊരുങ്ങുന്നത്.