കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ജാദവ്‌പുര്‍ സര്‍വകലാശാലയിലെ രസതന്ത്ര പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അദ്ദേഹത്തിന്റെ അയല്‍വാസിയെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ പിന്നീട് അലിപുരിലെ കോടതി ജാമ്യത്തില്‍ വിട്ടു.
ദിനേഷ് ത്രിവേദിയെ കേന്ദ്ര റെയില്‍വേ മന്ത്രിപദത്തില്‍ നിന്ന് പുറത്താക്കി മുകുള്‍ റോയിയെ തല്‍സ്‌ഥാനത്തു നിയോഗിച്ച മമതയുടെ നടപടിയാണു കാര്‍ട്ടൂണിന് ആധാരം.
ഇവര്‍ക്കെതിരേ സൈബര്‍ കുറ്റകൃത്യം, അപകീര്‍ത്തിപ്പെടുത്തല്‍, സ്‌ത്രീകള്‍ക്കു നേരേ അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതു കൂടാതെ ഇ മെയിലായി കാര്‍ട്ടൂണ്‍ പലര്‍ക്കും അയച്ചു കൊടുത്തതായും പോലീസ് പറഞ്ഞു.
പ്രൊഫസറെ അറസ്‌റ്റ് ചെയ്‌തതിനെ പ്രതിപക്ഷമായ സി. പി. എം. നിശിതമായി വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യ ത്തിന്മേലുള്ള കടന്നു കയറ്റമാണ് ഇതെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ആരോപിച്ചു.