ബാംഗ്ലൂര്‍: കര്‍ണ്ണാടക വഖഫ് ബോര്‍ഡിന്റെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മണിപ്പാടിയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൌഡക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ മുന്‍ കേന്ദ്രമന്ത്രിമാരടക്കം രാഷ്ടീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍,വഖഫ് ബോര്‍ഡിലെ അംഗങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് എതിരെ പരാമര്‍ശങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. ഇതില്‍ സി. എ. ഇബ്രാഹിം, എന്‍. എ ഹാരിസ് എന്നീ മലയാളികളും ഉള്‍പ്പെട്ടതായി കരുതുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട വഖഫ് ഭൂമി മറിച്ചു വിറ്റ് കോടികള്‍ കൊള്ളയടിച്ച സംഭവം 2ജി സ്പെക്ട്രം പോലെ രാജ്യം കണ്ട വന്‍ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരാതികളുടേയും മാധ്യമ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ 2011 നവമ്പറിലാണ് സര്‍ക്കാര്‍ അന്‍വര്‍ മണിപ്പാടിയുടെ നേതൃത്വത്തിലുള്ള സമിതിയെ അന്വേഷണം ഏല്പിച്ചത്.