ന്യൂഡെല്‍ഹി: കരസേനാ മേധാവിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തല്‍ വിവാദമായതിനെ തുറന്ന് ഇതേ കുറിച്ച് സി. ബി. ഐ അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി. വെളിപ്പെടുത്തലിനെ ഗൌരവമായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ വി. കെ. സിങ്ങാണ് കരസേനയിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേടു നടത്തുന്നതിനായി ഇടപാടുകാര്‍ 14 കോടി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്. സംഭവം ബി. ജെ. പി എം. പി പ്രകാശ് ജാദവേക്കറാണ് പാര്‍ളമെന്റില്‍ ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഇരു സഭകളിലും പ്രതിപക്ഷം ബഹളം വെച്ചു. ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഇരു സഭകളും ഉച്ചവരെ നിര്‍ത്തി വെക്കേണ്ടിയും വന്നു.
സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ കൈക്കൂലി നല്‍കാമെന്നും തനിക്ക് മുമ്പുള്ളവരും ഇനി വരാന്‍ ഇരിക്കുന്നവരും ഇത് തന്നെയാണ് ചെയ്യുക എന്നും ഇടനിലക്കാര്‍ പറഞ്ഞതായി കരസേനാ മേധാവി ഒരു പ്രമുഖ ദിനപത്രത്തോട് വെളിപ്പെടുത്തി.