ചെന്നൈ: കേരളത്തില്‍ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട ലോട്ടറി കേസുകളില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കവേ, വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ തമിഴ് നാട്ടില്‍ അറസ്റ്റിലായി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ശ്രീപെരുമ്പത്തൂര്‍ പോലീസാണ് ശനിയാഴ്ച രാവിലെ മാര്‍ട്ടിനെ അറസ്‌റ്റ് ചെയ്‌തത്.
ശ്രീപെരുമ്പത്തൂരില്‍ 25 കോടി രൂപ വില മതിക്കുന്ന 2.35 ഏക്കര്‍ ഭൂമി മാര്‍ട്ടിന്‍ കയ്യേറിയതായി അന്‍പ്രാജ് എന്നയാളാണ് പരാതി നല്‍കിയത്. ഇതെ തുടര്‍ന്ന് മാര്‍ട്ടിനെ വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്തിരുന്നു.
ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ മൂന്ന് കേസുകളാണ് മാര്‍ട്ടിന്റെ പേരില്‍ നിലവിലുള്ളത്. ശ്രീപെരുമ്പത്തൂരിന് പുറമേ മധുര, സേലം എന്നിവിടങ്ങളിലും മാര്‍ട്ടിന്‍ കയ്യേറ്റം നടത്തിയതായി പരാതിയുണ്ട്. മുഖ്യമന്ത്രി ജയലളിത അധികാരത്തിലേറിയതിന് ശേഷമാണ് മാര്‍ട്ടിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേഗത്തിലാകിയത്. കഴിഞ്ഞ ഡി എം കെ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനാല്‍ കരുണാനിധിയുടെ കാലത്ത് മാര്‍ട്ടിന്‍ സുരക്ഷിതനായിരുന്നു.