ന്യൂഡല്‍ഹി : രാജ്യവ്യാപകമായി നടത്തിയ വിവിധ മിന്നല്‍ പരിശോധനകളില്‍ ദേശീയ അന്വേഷണ ഏജന്‍സി ഒരു അന്താരാഷ്‌ട്ര കള്ളനോട്ട് സംഘത്തെ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നും എത്തുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണിത്. സുരക്ഷാ പാളിച്ചകള്‍ ഏറെയുള്ള നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അതിര്‍ത്തി കളിലൂടെയാണ് ഇവര്‍ കള്ളനോട്ട് ഇന്ത്യയില്‍ എത്തിക്കുന്നത്.
പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്.
ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും, നൂറിന്റെയും നോട്ടുകള്‍ വന്‍തോതില്‍ പാക്കിസ്ഥാനില്‍ അച്ചടിച്ച് ബംഗ്ലാദേശിലേക്ക് വിമാന മാര്‍ഗ്ഗം കടത്തുകയാണ് ഈ അന്താരാഷ്‌ട്ര സംഘത്തിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഇത് അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിക്കും. മേന്മയേറിയ ഈ വ്യാജ നോട്ടുകള്‍ വിപണിയില്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ കണ്ടുപിടിക്കുക പ്രയാസമാണ്.