ന്യൂഡൽഹി: വികസന രംഗത്ത് ഗുജറാത്ത് മാതൃകാ സംസ്ഥാനം ആണെങ്കിൽ കേരളവും തമിഴ്നാടും കൈവരിച്ച നേട്ടങ്ങളെ പിന്നെ എന്ത് പറയും എന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ ഷോൺ ദ്രേസ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രചരണ നൈപുണ്യത്തിനപ്പുറം ഗുജറാത്ത് മോഡലിൽ കാമ്പില്ല എന്ന് അദ്ദേഹം കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കി. ഹ്യൂമൻ ഡെവെലപ്മെന്റ് ഇൻഡക്സ് (എച്ച്. ഡി. ഐ.) ആണ് വികസനത്തിന്റെ ഒരു പ്രധാനപ്പെട്ട അളവ് കോൽ. എന്നാൽ ഇന്ത്യയിലെ പ്രമുഖമായ 20 സംസ്ഥാനങ്ങളുടെ പട്ടികയിൽ 9ആം സ്ഥാനമാണ് എച്ച്. ഡി. ഐ. യുടെ കാര്യത്തിൽ ഗുജറാത്തിന്. കുട്ടികളുടെ പോഷണം, വിദ്യഭ്യാസം, ആരോഗ്യം, രോഗ പ്രതിരോധം എന്നിവ കണക്കിലെടുത്ത് തയ്യാറാക്കുന്ന ശിശുക്ഷേമത്തിന്റെ പട്ടികയിലും ഗുജറാത്ത് ഒൻപതാം സ്ഥാനത്ത് തന്നെ. ദാരിദ്ര്യത്തിന്റെ അളവായ മൾട്ടി ഡയമെൻഷനൽ പോവർട്ടി ഇൻഡെക്സ് (എം. പി. ഐ.) യുടെ കാര്യത്തിലും ഗുജറാത്ത് മുൻപിൽ തന്നെ. ഇവിടെയും 9ആം സ്ഥാനം ഗുജറാത്തിന് തന്നെ സ്വന്തം. പ്രതിശീർഷ ഉപഭോഗം, അരോഗ്യം, വിദ്യഭ്യാസം, വീട്ട് സൌകര്യങ്ങൾ, നഗരവൽക്കരണം, വാർത്താ വിനിമയം എന്നിങ്ങനെ അനേകം സൂചകങ്ങളുടെ അടിസ്ഥാനത്തിൽ രഘുറാം രാജൻ സമിതി ഏർപ്പെടുത്തിയ സമഗ്ര വികസന അളവ്കോൽ അനുസരിച്ചും ഗുജറാത്ത് തങ്ങളുടെ ഒൻപതാം സ്ഥാനം ഭദ്രമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിശീർഷ ചിലവിന്റെ അടിസ്ഥാനത്തിൽ പ്ലാനിംഗ് കമ്മീഷൻ ഏർപ്പെടുത്തിയ ദാരിദ്ര്യ പട്ടികയിൽ ഗുജറാത്ത് 10ആം സ്ഥാനം ആണ് അലങ്കരിക്കുന്നത്. ഇതിലും രസകരം നേരത്തെ പറഞ്ഞ സമഗ്ര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുള്ള പ്രവർത്തനക്ഷമത അളക്കുന്ന പെർഫോമൻസ് ഇൻഡക്സിന്റെ കാര്യത്തിലാണ്. ഇതിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്.
എങ്ങനെ നോക്കിയാലും പിന്നോക്കമായ ഒരു സംസ്ഥാനത്തിന്റെ വികസനമാണ് മാതൃകയായി ഉയർത്തി കാണിക്കപ്പെടുന്നത് എങ്കിൽ തീർച്ചയായും ഇതിന് സമാനമാണ് ഹരിയാനയും കർണ്ണാടകവും എല്ലാം. മുൻപ് പറഞ്ഞ എല്ലാ കണക്കുകളിലും മഹാരാഷ്ട്ര ഗുജറാത്തിനേക്കാൾ മുൻപിലാണ് എന്നതും ചൂണ്ടിക്കാണിക്കപ്പെടേണ്ടതാണ്.
വികസന സൂചകങ്ങളുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണ് കേരളവും തമിഴ്നാടും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നതിൽ കേരളവും തമിഴ്നാടും കാണിക്കുന്ന വേഗതയും അദ്ഭുതാവഹമാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
പിന്നെ എന്താണീ ഗുജറാത്ത് മോഡൽ?
നരേന്ദ്ര മോഡിക്ക് ജനങ്ങളെ അശയക്കുഴപ്പത്തിൽ ആക്കുവാനുള്ള കഴിവ് തീർച്ചയായും ഇവിടെ പ്രസക്തമാണ്. എന്നാൽ ഇതിനേക്കാൾ ഒക്കെ അധികമായി ഇന്ത്യയെ കുറിച്ചുള്ള സാമാന്യ ബോധമാണ് ഇത്തരമൊരു പരിവേഷം ഗുജറാത്തിന് നൽകാൻ സഹായകരമാവുന്നത് എന്ന് ഷോൺ ദ്രേസ പറയുന്നു. ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ വൻ കിട സംസ്ഥാനങ്ങളിലെ പിന്നോക്ക അവസ്ഥയാണ് നമ്മുടെ മനസ്സിലെ ഉത്തരേന്ത്യ. ഈ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഗുജറാത്തിന് മെച്ചെപ്പെട്ട ഒരു നില കൈവരുന്നത്. എന്നാൽ മറ്റ് അനേകം സംസ്ഥാനങ്ങൾ ഗുജറാത്തിനേക്കാൾ മുൻപിലാണ് എന്നത് വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് ഗുജറാത്ത് മോഡൽ.