മുംബൈ : മുംബൈ വിലെ പാർലെയിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളിയുടെ മുൻപിലുള്ള ക്രൂശിതനായ യേശുക്രിസ്തുവിന്റെ പ്രതിമയുടെ രക്തം ഒലിക്കുന്ന കാൽ പാദങ്ങളിൽ നിന്നും വെള്ളം ഒഴുകുന്നതിനെ ദിവ്യാദ്ഭുതമായി ചിത്രീകരിച്ച കത്തോലിക്കാ സഭയെ ശക്തമായി എതിർക്കുകയും, ജലത്തിന്റെ ഉറവിടം കണ്ടെത്തി ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്ത സനൽ ഇടമറുകിനെ പോലീസ് കേസുകളിൽ കുടുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 5നാണ് ക്രിസ്തുവിന്റെ പ്രതിമയുടെ കാലുകളിൽ നിന്നും ജലം തുള്ളികളായി ഒലിച്ചിറങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽ പെട്ടത്. ഇത് ഒരു ദിവ്യാദ്ഭുതമാണ് എന്ന് കാണിക്കുന്ന ലഘുലേഖകൾ പ്രചരിച്ചതോടെ അദ്ഭുതം കാണാനും “ദിവ്യ ജലം” ശേഖരിക്കാനും വൻ തോതിൽ ജനം സംഭവ സ്ഥലത്ത് തടിച്ചു കൂടി.
ഇതിനെ കുറിച്ച് അന്വേഷിക്കാൻ ടി.വി.-9 എന്ന ടെലിവിഷൻ ചാനൽ പ്രവർത്തകർ ക്ഷണിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ സനൽ ഇടമറുക് പ്രതിമയുടെ പരിസര പ്രദേശങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും തൊട്ടടുത്ത് കൂടി ഒഴുകുന്ന ഒരു അഴുക്കുചാൽ കണ്ടെത്തുകയും ചെയ്തു. ഈ അഴുക്കു ചാലിലെ ജലം “കാപ്പില്ലറി” ബലത്താൽ ഗുരുത്വാകർഷണത്തിന് എതിരെ പ്രതിമ ഘടിപ്പിച്ച ചുമരിലൂടെ മുകളിലേക്ക് വരികയും പ്രതിമയുടെ കാലിലെ ആണിയുടെ ദ്വാരത്തിലൂടെ സഞ്ചരിച്ച് കാൽ പാദത്തിൽ എത്തുകയും ഒലിച്ചിറങ്ങുകയുമാണ് എന്ന് സനൽ അറിയിച്ചു.
എന്നാൽ ദിവ്യാദ്ഭുത രഹസ്യം വെളിപ്പെടുത്തിയ സനലിനെ നിരവധി പോലീസ് കേസുകളിൽ കുടുക്കുകയാണ് ഉണ്ടായത്. സനലിനെ ഏതു നിമിഷവും പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്നാണ് സൂചന.
ടി.വി.-9 ചാനലിൽ നടന്ന ചർച്ചയിൽ കത്തോലിക്കാ സഭ അദ്ഭുതങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനെ സനൽ ഇടമറുക് നിശിതമായി വിമർശിച്ചു. സൂര്യൻ ഭൂമിക്ക് ചുറ്റുമല്ല, മറിച്ച് ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന ആശയം പ്രചരിപ്പിച്ച ഗലീലിയോ ഗലീലിയെ സഭ ക്രൂരമായി പീഡിപ്പിച്ച കാര്യം സനൽ ചൂണ്ടിക്കാട്ടി. ഈ നിലപാട് പിന്നീട് സഭ തന്നെ തിരുത്തുകയും ചെയ്തു. 1992 ഒക്ടോബർ 31ന് ഗലീലിയോ വിഷയം സഭ കൈകാര്യം ചെയ്ത രീതി തെറ്റായി പോയി എന്നും കത്തോലിക്കാ സഭ ചെയ്ത തെറ്റുകൾ സമ്മതിക്കുന്നു എന്നും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. 2008 ഡിസംബറിൽ ഗോളശാസ്ത്രത്തിന് ഗലീലിയോ നൽകിയ സംഭാവനകളെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പ്രശംസിക്കുകയും ഉണ്ടായി.