ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ രാഷ്ട്രപതി ആരാകും എന്ന ചോദ്യത്തിന് ഉത്തരമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുള്‍ കലാം തന്നെ വീണ്ടും ആ സ്ഥാനത്തേക്ക് വരും എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന. കലാമിനെ പിന്തുണയ്ക്കാന്‍ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി, ജയലളിതയുടെ എ. ഐ. എ. ഡി.എം. കെ, എന്നീ പാര്‍ട്ടികള്‍ക്കെല്ലാം കലാം രാഷ്ട്രപതിയാകുന്നതിനോടാണ് താല്പര്യം. ഈ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിക്കഴിഞ്ഞു. കൂടാതെ എന്‍. ഡി. എ യുടെ പിന്തുണയും കലാമിന് ലഭിക്കാന്‍ സാധ്യത ഏറെയാണ്.
രാഷ്ട്രീയത്തിന് അതീതനായ ഒരാള്‍ രാഷ്ട്രപതി സ്ഥാനത്ത് വരണമെന്ന് യു. പി. എ . സഖ്യകക്ഷിയിലെ തന്നെ എന്‍. സി. പി. യുടെ തലവന്‍ ശരത് പവാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പ്രതിരോധമന്ത്രി എ. കെ. ആന്റണി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവായ സാം പിട്രോഡ, തുടങ്ങിയവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്