ന്യൂഡല്ഹി: ചില്ലറവ്യാപാര മേഖലയില് വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം രാഷ്ട്രീയ പാര്ട്ടികള്ക്കിടയില് സമവായം ഉണ്ടാകുന്നതുവരെ മരവിപ്പിക്കുമെന്ന് ധനമന്ത്രി പ്രണബ്മുഖര്ജി പ്രതിപക്ഷത്തെ അറിയിച്ചു. ബി.ജെ.പി, സി.പി.എം. നേതാക്കളുമായി നടത്തിയ ചര്ച്ചയിലാണ് ഇക്കാര്യത്തില് ധാരണയായത്. എല്ലാവരോടും കൂടിയാലോചിക്കാതെ എഫ്.ഡി.ഐ ഇക്കാര്യത്തില് മുന്നോട്ടു നീങ്ങില്ലെന്നും മുഖര്ജി പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്. എഫ്.ഡി.ഐ തീരുമാനം മരവിപ്പിച്ചുവെന്നും സമവായമില്ലാതെ നടപ്പാക്കില്ലെന്നും ധനമന്ത്രി പ്രണബ് മുഖര്ജി അറിയിച്ചതായി ശനിയാഴ്ച തൃണമൂല് കോണ്ഗ്രസ് നേതാവ് മമത ബാനര്ജി വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച സര്വകക്ഷിയോഗത്തിന് ശേഷം പാര്ലമെന്റ് സമ്മേളിക്കുമ്പോള് ധനമന്ത്രി ഈ പ്രസ്താവന നടത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസം 24നാണ് ചെറുകിട വില്പ്പനമേഖലയില് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. അന്നുമുതല് പാര്ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിക്കുകയാണ്. പ്രതിപക്ഷം പാര്ലമെന്റ് തുടര്ച്ചയായി തടസ്സപ്പെടുത്തിയിട്ടും, സര്ക്കാര് തീരുമാനം തിരുത്തിയത് മമതയുടെ കടുംപിടിത്തം കൊണ്ടാണെന്ന പ്രതീതിയാണ് ഇപ്പോള് നിലനില്ക്കുന്നത്. അതുകൊണ്ടു തന്നെ, തങ്ങളുടെ നിലപാടിന് സ്വീകാര്യത നേടാനാണ് പ്രതിപക്ഷ ശ്രമം. പ്രതിപക്ഷത്തിനു പുറമേ സഖ്യകക്ഷികളായ തൃണമുല് കോണ്ഗ്രസും ഡി.എം.കെയും സര്ക്കാര് തീരുമാനത്തിനെതിരേ രംഗത്തുവന്നു. സഖ്യകക്ഷികളെ അനുനയിപ്പിക്കാനുള്ള കോണ്ഗ്രസ് ശ്രമം വിജയം കണ്ടില്ല.