തിരുവനന്തപുരം: പാമോയില്‍ ഇടപാടിനെക്കുറിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് കേസില്‍ രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ. പാമേയില്‍ കേസില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് മുസ്തഫ നല്‍കിയ ഒഴിവാക്കല്‍ ഹര്‍ജിയാലാണ് ഈ സൂചനയുള്ളത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എസ്.ജഗദീഷിന്റെ മുമ്പാകെയാണ് മുസ്തഫ ഒഴിവാക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പാമോയില്‍ കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയത് അനീതിയാണ്. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാമെങ്കില്‍ തന്നെയും ഒഴിവാക്കാം. പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള ഒരു ആലോചനയിലും താന്‍ പങ്കാളിയായിട്ടില്ല. ഇതുസംബന്ധിച്ച ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നപ്പോഴാണ് അന്നത്തെ ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുണ്ടായതെന്ന് മുസ്തഫ പറയുന്നു. പാമോയില്‍ ഇറക്കുമതി പൊതുജനനന്മ ലക്ഷ്യമാക്കിയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഉമ്മന്‍ ചാണ്ടി 23-ാം സാക്ഷിയാണ്.
പാമോയില്‍ അഴിമതിക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വെളിപ്പെടുത്തുന്നതാണു കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയുടെ വിജിലന്‍സ് കോടതിയിലെ ഹര്‍ജിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച പാമോയില്‍ ഇടപാട് തുടക്കം മുതലേ അഴിമതി നിറഞ്ഞതായിരുന്നു. പാമോയില്‍ ഇറക്കുമതി കുംഭകോണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അതേ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി തന്നെ വിജിലന്‍സ് കേടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമപരമായും രാഷ്ട്രീയമായും ഉമ്മന്‍ ചാണ്ടി ഉത്തരം നല്‍കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.