ന്യൂഡെല്‍ഹി: കേന്ദ്രത്തില്‍ ബി. ജെ. പി. നേതൃത്വത്തില്‍ ഉള്ള എന്‍. ഡി. എ. അധികാരത്തില്‍ വരുമെന്ന് വിവിധ എക്സിറ്റ് പോള്‍ സര്‍വ്വെ ഫലങ്ങള്‍. ഇന്ത്യാ ടുഡെ, സീ വോട്ടര്‍, ഇന്ത്യാ ടി. വി. തുടങ്ങിയവര്‍ നടത്തിയ സര്‍വ്വേ ഫലങ്ങള്‍ പ്രകാരം 270 സീറ്റില്‍ അധികം വരെ സഖ്യം നേടുമെന്നാണ് പ്രവചനം. എന്‍. ഡി. എ. സഖ്യം 270 – 282 സീറ്റുകള്‍ നേടുമെന്ന് സി. എന്‍. എന്‍. – ഐ. ബി. എന്‍. പറയുമ്പോള്‍ ടൈംസ് നൌവിന്റെ കണക്കുകള്‍ പ്രകാരം എന്‍. ഡി. എ. സഖ്യം 249 സീറ്റുകളും യു. പി. എ. 148 സീറ്റുകളും മറ്റുള്ളവര്‍ 146 സീറ്റുകളും നേടുമെന്നാണ് പറയുന്നത്. ഇന്ത്യാ ടുഡെ 264 – 283 സീറ്റുകള്‍ എന്‍. ഡി. എ. നേടുമെന്നും യു. പി. എ. 110 – 120 സീറ്റുകളും മറ്റുള്ളവര്‍ 150 – 162 സീറ്റുകളും നേടുമെന്ന് പറയുന്നു. എ. ബി. പി. 273 – 283 സീറ്റുകള്‍ എന്‍. ഡി. എ. യ്ക്കും 101 സീറ്റുകള്‍ മറ്റുള്ളവര്‍ 148 സീറ്റുകളും നേടുമെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യാ ടി. വി. സര്‍വ്വേയില്‍ എന്‍. ഡി. എ. സഖ്യത്തിനു 289 സീറ്റുകളും യു. പി. എ. 101 മറ്റുള്ളവര്‍ 148 സീറ്റുകളുമാണ് വിജയ സാധ്യത കാണുന്നത്.
ഉത്തർ പ്രദേശില്‍ ബി. ജെ. പി. വലിയ നേട്ടം ഉണ്ടാക്കുമെന്നും ഇതിന്റെ പിന്‍ബലത്തില്‍ ബി. ജെ. പി. ഒറ്റക്ക് 240 സീറ്റുകള്‍ വരെ നേടിയേക്കും എന്നും ചില ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാകും ബി. ജെ. പി. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുക.
യു. പി. എ. യ്ക്ക് 90 – 148 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂ എന്നാണ് വീവിധ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. യു. പി. എ. എന്‍. ഡി. എ. ഇതര കക്ഷികള്‍ 150 സീറ്റുകള്‍ വരെ നേടിയേക്കാമെന്നും പ്രവചിക്കുന്നുണ്ട്. അതേ സമയം ഡെല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അട്ടിമറി വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് 2 മുതല്‍ 5 സീറ്റു വരെ മാത്രമേ വിജയ സാധ്യത പറയുന്നുള്ളൂ.
കേരളത്തില്‍ യു. ഡി. എഫിനു കൂടുതല്‍ സീറ്റുകള്‍ ലഭിക്കും എന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നത്. സി. എന്‍. എന്‍. ഐ. ബി. എന്‍. സര്‍വ്വെ പ്രകാരം 11 മുതല്‍ 16 സീറ്റുകള്‍ വരെ കോണ്‍ഗ്രസ്സിനു ലഭിച്ചേക്കും. ടൈംസ് നൌ സര്‍വ്വേ 18 സീറ്റുകള്‍ വരെ യു. ഡി. എഫിനു ലഭിക്കുമെന്ന് പറയുന്നു. അതേ സമയം ഇത്തവണയും ബി. ജെ. പി. ക്ക് സീറ്റൊന്നും ലഭിക്കില്ലെന്നാണ് ഇവരുടെ അടക്കം മിക്ക സര്‍വ്വേ ഫലങ്ങളും കണക്ക് കൂട്ടുന്നത്‍. എന്നാല്‍ ഒരു സര്‍വ്വെ ഫലം മാത്രം തിരുവനന്തപുരത്ത് ഒ. രാജഗോപാലിന്റെ വിജയ സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.