പാലക്കാട് : മുന്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ ഐ. പി. എല്‍. ക്രിക്കറ്റിലെ വിവാദ നായിക സുനന്ദ പുഷ്ക്കറിനെ ജീവിത നായികയാക്കുന്നു. ഓണത്തിന്റെ ആദ്യ ദിനമായ ഉത്രാട ദിനത്തില്‍ ഓഗസ്റ്റ് 22നു എലവഞ്ചേരി മുണ്ടറത്ത് തറവാട്ടില്‍ വെച്ചാണ് തരൂര്‍ സുനന്ദയുടെ കഴുത്തില്‍ താലി കെട്ടുക. എല്ലാ വര്‍ഷവും കുടുംബാംഗങ്ങള്‍ എല്ലാം ഓണത്തിന് തറവാട്ടില്‍ ഒത്തു കൂടുന്നത് പതിവുള്ളത് കൊണ്ടാണ് അന്നേ ദിവസം വിവാഹം നടത്താന്‍ നിശ്ചയിച്ചത്. സുനന്ദയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ പാലക്കാട് എത്തിച്ചേരും.
സെപ്തംബര്‍ 3നു ന്യൂ ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ക്കായി ഒരു വിവാഹ വിരുന്നും ഒരുക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച തരൂര്‍ സുനന്ദയുമൊത്ത് മഹാരാഷ്ട്രയിലെ രണ്ടു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതും വിഘ്നങ്ങള്‍ മാറാനുള്ള പൂജകള്‍ക്ക് ശേഷം തരൂര്‍ സുനന്ദയെ സിന്ദൂരം അണിയിച്ചതും വാര്‍ത്തയായിരുന്നു.
കാനഡക്കാരിയായ മുന്‍ ഭാര്യ ക്രിസ്റ്റയില്‍ നിന്നും നിയമ പരമായി വിവാഹ മോചനം നേടിയ തരൂരിന്റെ വിവാഹത്തിനു ഇനി തടസങ്ങള്‍ ഒന്നുമില്ല എന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു.