ന്യൂഡല്‍ഹി : വിലക്കയറ്റം മൂലം ജനം ദുരിതം അനുഭവിക്കുന്ന വേളയില്‍ തങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാട്ടി രണ്ടു ദിവസം മുന്‍പ് ചര്‍ച്ച മാറ്റി വെച്ച ലോക് സഭയില്‍ ഇന്ന് കേന്ദ്ര മന്ത്രി സഭ എം. പി. മാരുടെ ശമ്പളം 300 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ അംഗീകാരം നല്‍കി. ശമ്പളം മാത്രമല്ല മറ്റ് നിരവധി ആനുകൂല്യങ്ങളും ഇരട്ടിയാക്കിയിട്ടുണ്ട്.
നിലവിലെ എം.പി. മാരുടെ അടിസ്ഥാന ശമ്പളമായ 16,000 രൂപ 50,000 രൂപയാവും. അംഗങ്ങളുടെ ഓഫീസ് അലവന്‍സ് നിലവിലെ 20,000 ത്തില്‍ നിന്നും പ്രതിമാസം 40,000 ആയി ഉയര്‍ത്തി. നിയോജക മണ്ഡല അലവന്‍സും പ്രതിമാസം 20,000ത്തില്‍ നിന്നും 40,000 ആക്കി ഉയര്‍ത്തി. സ്വകാര്യ വാഹനം വാങ്ങുവാനായി ലഭിക്കുന്ന പലിശ രഹിത വായ്പാ തുക 1 ലക്ഷത്തില്‍ നിന്നും 4 ലക്ഷമായി ഉയര്‍ത്തി. എം.പി. മാരുടെ വാഹനത്തിനു ലഭിക്കുന്ന റോഡ് മൈലേജ് നിരക്ക് നിലവിലെ 13 രൂപയില്‍ നിന്നും കിലോമീറ്ററിനു 16 രൂപയാക്കി. പാര്‍ലമെന്റ് അംഗത്തിന്റെ ഭാര്യക്കോ ഭര്‍ത്താവിനോ ഇനി മുതല്‍ എത്ര തവണ വേണമെങ്കിലും ഫസ്റ്റ് ക്ലാസ്സിലോ എക്സിക്യൂട്ടിവ് ക്ലാസ്സിലോ യാത്ര ചെയ്യാനാവും. ഇതിനു പുറമേ അംഗങ്ങളുടെ പെന്‍ഷന്‍ നിലവിലെ 8,000 രൂപയില്‍ നിന്നും 20,000 രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.
ഇതെല്ലാം ആയിട്ടും തങ്ങള്‍ നേരെത്തെ ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ സെക്രട്ടറിമാരുടെ ശമ്പളത്തേക്കാള്‍ ഒരു രൂപ അധികമാക്കി തങ്ങളുടെ ശമ്പളം 80,001 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ലാലു പ്രസാദ് യാദവും (രാഷ്ട്രീയ ജനതാ ദള്‍), ശരദ് യാദവും (ജനതാ ദള്‍ യുനൈറ്റഡ്) ബഹളം വെച്ചതിനെ തുടര്‍ന്ന് ഇന്ന് സഭാ നടപടികള്‍ നിര്‍ത്തി വെയ്ക്കേണ്ടി വന്നു.