ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തുന്ന നവംബര്‍ 8 അഖിലേന്ത്യാ കരി ദിനമായി ആചരിക്കും എന്ന് സി. പി. ഐ. (എം. എല്‍.) അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സി. പി. ഐ. (എം. എല്‍.) കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഒബാമയുടെ സന്ദര്‍ശനം ബഹിഷ്കരിക്കുവാനും കരി ദിന ആചരണത്തിന് “കൊള്ളക്കാരന്‍ ഒബാമ തിരികെ പോവുക” എന്ന മുദ്രാവാക്യം സ്വീകരിക്കാനും യോഗം ആഹ്വാനം ചെയ്തു. അന്നേ ദിവസം ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഒബാമയുടെയും പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെയും കോലം കത്തിക്കുവാനും തീരുമാനിച്ചു.
എ. എഫ്. എസ്. പി. എ. അടക്കം എല്ലാ കരി നിയമങ്ങളും സൈന്യത്തെയും കാശ്മീരില്‍ നിന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പിന്‍വലിക്കണം. ഇവിടത്തെ ജനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണണം. എ. എഫ്. എസ്. പി. എ. പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇറോം ഷാനു ഷര്‍മിള നടത്തി വരുന്ന സത്യഗ്രഹം 10 വര്ഷം പൂര്‍ത്തിയാവുന്ന നവംബര്‍ 2ന് ഇംഫാലില്‍ ഒരു വമ്പിച്ച റാലി നടത്തും.
അമേരിക്കന്‍ സാമ്രാജ്യത്വ ശക്തിയുമായി ചേര്‍ന്ന് ഇന്ത്യ നേപ്പാളില്‍ പുരോഗമന ശക്തികളെ അധികാരത്തില്‍ വരുന്നതില്‍ നിന്നും തടയാന്‍ നടത്തുന്ന ശ്രമങ്ങളെ കേന്ദ്ര കമ്മിറ്റി അപലപിച്ചു.
അലഹബാദ് കോടതിയുടെ വിധി തങ്ങള്‍ക്കെതിരാവും എന്ന ഭയത്താല്‍ സംഘ പരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് തന്നെ രാമ ക്ഷേത്രം പണിയണം എന്ന ആവശ്യം വീണ്ടും ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. കോടതിക്ക് പുറത്ത് വെച്ചുള്ള ഒരു ധാരണ എന്ന നിര്‍ദ്ദേശവുമായി കോണ്ഗ്രസ് പതിവ് പോലെ തങ്ങളുടെ “മൃദു ഹിന്ദുത്വ” സമീപനവുമായി രംഗത്ത് വന്നു കഴിഞ്ഞു. പ്രശ്നങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനും, വര്‍ഗ്ഗീയമായ ഭിന്നത വളര്‍ത്താനുമുള്ള അധികാര വര്‍ഗ്ഗത്തിന്റെ തന്ത്രങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ മതേതര ശക്തികളും ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് സി. പി. ഐ. (എം. എല്‍.) ജനറല്‍ സെക്രട്ടറി കെ. എന്‍. രാമചന്ദ്രന്‍ ആഹ്വാനം ചെയ്തു.