ലഖ്‌നൗ : ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ദരിദ്രരില്‍ ദരിദ്രരായ 31 ലക്ഷം പേര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ നടക്കുവാന്‍ ഉദ്ദേശിച്ചുള്ള ഒരു പുതിയ ക്ഷേമ പദ്ധതിക്ക് മുഖ്യമന്ത്രി മായാവതി ഇന്നലെ തുടക്കമിട്ടു. കഴിഞ്ഞ ജനുവരി 15ന് തന്റെ പിറന്നാളിന്റെ അന്ന് പ്രഖ്യാപിച്ച “ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി മഹാമായ ഗരീബ് ആര്‍ത്ഥിക് മദദ് യോജന” എന്ന പദ്ധതി പ്രകാരം പ്രതിമാസം 300 രൂപ ദരിദ്ര കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന് നല്‍കും. പണം പുരുഷന്മാര്‍ എടുത്ത് ചിലവഴിക്കാ തിരിക്കാനാണ് വനിതാ അംഗത്തിന് തന്നെ നല്‍കുന്നത്. ആറു മാസത്തേക്കുള്ള തുക ഒരുമിച്ച് ഇവരുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കും. ഇതിന്റെ ഭാഗമായി ആദ്യ ഗഡു ബാങ്കില്‍ നിക്ഷേപിച്ച് ഇവര്‍ക്കുള്ള ബാങ്ക് പാസ് ബുക്ക് ഇന്നലെ മായാവതി പത്ത് വനിതകള്‍ക്ക് കൈമാറി.
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ ഉള്‍പ്പെടുത്താന്‍ ഉള്ള ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇവരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 535 കോടി രൂപ ചെലവ് വരും എന്നും മായാവതി അറിയിച്ചു.