മുന്‍ ഉപരാഷ്ട്രപതിയും ബി. ജെ. പി. യുടെ സമുന്നതനായ നേതാവുമായ ഭൈരോണ്‍ സിങ്ങ് ശെഖാവത്ത് അന്തരിച്ചു. ഇന്നു രാവിലെ ജയ്‌പൂരിലെ സവായ് മാന്‍സിങ്ങ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസവും നെഞ്ചില്‍ അണു ബാധയും മൂലം കഴിഞ്ഞ വ്യാഴാച ആണ് ഇദ്ദേഹത്തെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
1923 ഒക്ടോബര്‍ 23നു രാജസ്ഥാനിലെ സിക്കന്തര്‍ ജില്ലയില്‍ ഘച്ചരിവാസ് എന്ന ഗ്രാമത്തിലെ ഒരു രജപുത്ര കുടുംബത്തില്‍ ആണ് ശെഖാവത്തിന്റെ ജനനം. ആര്‍. എസ്. എസ്. പ്രവര്‍ത്തകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നീട് ജന സംഘം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. തുടര്‍ന്ന് ബി. ജെ. പി. രൂപീകൃത മായപ്പോള്‍ അതിന്റെ നേതൃ നിരയില്‍ പ്രധാനിയായി. മികച്ച പ്രാസംഗികനും സംഘാടക നുമായിരുന്ന ശെഖാവത് രാജസ്ഥാനില്‍ ബി. ജെ. പി. കെട്ടിപ്പടു ക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ചു. അടിയന്തി രാവസ്ഥ കാലത്ത് ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. 1977-ല്‍ രാജസ്ഥാന്‍ മുഖ്യ മന്ത്രിയായി. തുടര്‍ന്ന് 1990-92, 93-98 കാലഘട്ടത്തില്‍ വീണ്ടും അവിടെ മുഖ്യ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ രാഷ്ടീയത്തിലും ശെഖാവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2002 ആഗസ്തില്‍ ഇന്ത്യയുടെ പതിനൊന്നാമത് ഉപ രാഷ്ടപതി യായി തിരഞ്ഞെടുക്കപ്പെട്ടു.
സൂരജ് കന്വാറാണ് ശെഖാവത്തിന്റെ ഭാര്യ. ഏക മകള്‍ രത്തന്‍ കന്‍വാര്‍. തികഞ്ഞ മിതവാദി യായിരുന്ന ശെഖാവത്ത് 1970-ല്‍ രാജസ്ഥാനില്‍ പട്ടിണി പിടിമുറുക്കുവാന്‍ തുടങ്ങിയപ്പോള്‍ അന്ത്യോദയ എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി. ഇത് രാജസ്ഥാന്‍ ജനതയുടെ മനസ്സില്‍ അദ്ദേഹത്തിനു വലിയ ഒരു സ്ഥാനം നേടിക്കൊടുത്തു. രാജസ്ഥാന്‍ രാഷ്ടീയത്തിലെ ഒരു ജനകീയ നേതാവിനെയാണ് ശെഖാവത്തിന്റെ മരണത്തിലൂടെ ബി. ജെ. പി. ക്ക് നഷ്ടമാകുന്നത്.