ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത സുപ്രീംകോടതിയെ താക്കീത് ചെയ്യുന്നത് വരെ എത്തി. 2 ജി സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിനും പങ്കുണ്ടെന്നും അതിനാല്‍ ചിദംബരത്തിനെതിരെ അന്വേഷണം നടത്താന്‍ സി. ബി. ഐ. യോട് ആവശ്യപ്പെടണം എന്നും കാണിച്ച് സുബ്രമണ്യം സ്വാമി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് നാടകീയമായ രംഗങ്ങള്‍ സുപ്രീം കോടതിയില്‍ അരങ്ങേറിയത്. സുപ്രീം കോടതി ലക്ഷ്മണ രേഖ മറി കടക്കരുത് എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ താക്കീത് ചെയ്തു. എന്നാല്‍ ലക്ഷ്മണ രേഖയ്ക്ക് ചില പരിമിതികള്‍ ഉണ്ട് എന്നാണ് ഇതിനു മറുപടിയായി ജഡ്ജി പറഞ്ഞത്. സീത ലക്ഷ്മണ രേഖ മറി കടന്നില്ലായിരുന്നു എങ്കില്‍ രാവണന്‍ വധിക്കപ്പെടുമായിരുന്നില്ല എന്ന് കോടതി അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. അതിനാല്‍ ചില ഘട്ടങ്ങളില്‍ ലക്ഷ്മണ രേഖ മറി കടക്കേണ്ടത് ആവശ്യമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
സ്പെക്ട്രം അഴിമതി നടക്കുന്ന കാലത്ത് ധന മന്ത്രി ആയിരുന്ന പി. ചിദംബരത്തിന് അഴിമതിയില്‍ പ്രത്യക്ഷമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ഡോ. സുബ്രമണ്യന്‍ സ്വാമി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.