ന്യൂഡല്‍ഹി : ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഏറെ നിരാശാ ജനകമാണെന്ന് കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോര്‍ട്ട് ഗുജറാത്തിലെ കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഗോധ്ര കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വികാരം മുസ്ലിങ്ങളുടെ മേല്‍ തുറന്നു വിടാനുള്ള അവസരം നല്‍കുവാന്‍ സഹായകരമായ നിലപാട് സ്വീകരിക്കണം എന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്ന് ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ആരോപണം ഉന്നയിച്ചിരുന്നു. കേസില്‍ നരേന്ദ്ര മോഡിയുടെ പങ്ക് അന്വേഷിക്കുവാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി നല്‍കിയ ഹരജി പക്ഷെ സുപ്രീം കോടതി അംഗീകരിച്ചില്ല. അഹമ്മദാബാദ് കോടതിയിലേക്ക് വിഷയം പരിഗണനയ്ക്കായി അയക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതോടെ 2002ലെ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടിയായി.