ബാംഗ്ലൂര്‍ : കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് രാത്രി കൂടി നഗ്നനായി ഉറങ്ങും. കഴിഞ്ഞ രണ്ടു രാത്രികളിലും അദ്ദേഹം വെറും തറയില്‍ നഗ്നനായാണ് ഉറങ്ങിയത്. ആഭിചാര ക്രിയകളിലൂടെ തന്നെ എതിരാളികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രി ഇതിനു പരിഹാരമായി ഭാനു പ്രകാശ് ശര്‍മ്മ എന്ന പൂജാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ വിധാന്‍ സഭയുടെ പരിസരത്ത് ആഭിചാര കര്‍മ്മങ്ങള്‍ ചെയ്തതിന്റെ തെളിവുകള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുന്‍പാണ് ഇവിടെ ദുര്‍മന്ത്രവാദം ചെയ്തത്. ഈ അന്വേഷണം എവിടെയും എത്തിയില്ല. അന്ന് അത് തന്റെ എതിരാളികള്‍ തനിക്കെതിരെ ചെയ്തതാണ് എന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു.
തന്റെ ജീവന്‍ അപകടത്തിലാണെന്നും തന്നെ ആഭിചാരം കൊണ്ട് വക വരുത്താന്‍ എതിരാളികള്‍ ശ്രമിക്കുന്നുണ്ട് എന്നും വിധാന്‍ സഭയില്‍ നിന്നും വീട്ടിലേക്ക് സഞ്ചരിക്കാന്‍ തനിക്ക് ഭയമാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരസ്യ പ്രസ്താവനയും നടത്തിയിരുന്നു.
ശത്രുക്കള്‍ ആഭിചാരം നടത്തുന്നതിനെതിരെ യെദ്യൂരപ്പയുടെ രക്ഷയ്ക്കെത്തിയത് അദ്ദേഹത്തിന്റെ “കുടുംബ പൂജാരി” ആയ ഭാനു പ്രകാശ് ശര്‍മ്മയാണ്. വൃശ്ചിക രാശിയില്‍ ജനിച്ച മുഖ്യമന്ത്രിയ്ക്ക് രാഹുവിന്റെ അപഹാരം തുടങ്ങുന്നതോടെ മാനഹാനിയും ശത്രു ദോഷവും സംഭവിക്കാം എന്നാണ് പൂജാരി പറയുന്നത്. ഇതിനു പരിഹാര കര്‍മ്മങ്ങള്‍ ചെയ്യണം. അമാവാസിക്ക് മുന്‍പുള്ള മൂന്നു രാത്രികളില്‍ അദ്ദേഹം നഗ്നനായി വെറും തറയില്‍ ഉറങ്ങണം. പൂര്‍ണ നഗ്നനായി നദിയില്‍ മുങ്ങി 12 തവണ സൂര്യ നമസ്കാരം ചെയ്യണം. മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സഹസ്ര ചന്ദ്രിക യജ്ഞം നടത്തണം. ഗണപതിക്ക് ഒരു ലക്ഷം മോദകങ്ങള്‍ സമര്‍പ്പിക്കുന്ന ലക്ഷ മോദക ഗണപതി ഹോമവും നടത്തണം. ഇതാണ് പൂജാരി നിര്‍ദ്ദേശിച്ച പരിഹാരം.
ഇതെല്ലാം ചെയ്യാന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം എന്നാണ് സൂചന. ഇതിന്റെ ആദ്യ പടിയായിരുന്നു കഴിഞ്ഞ രാത്രികളിലെ നഗ്നമായ ഉറക്കം.
താന്‍ മുഖ്യമന്ത്രിക്കെതിരെ ആഭിചാരം ചെയ്തു എന്ന ആരോപണ ത്തിനെതിരെ കോണ്ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് സിദ്ധ രാമയ്യ കോടതിയെ സമീപിക്കുകയാണ്. അധികാരം നഷ്ടപ്പെടുമെന്ന ഭയത്താല്‍ മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിയിരിക്കുകയാണ് എന്ന് സിദ്ധരാമയ്യ പറയുന്നു. അന്ധ വിശ്വാസിയായ ഒരു മുഖ്യമന്ത്രി കര്‍ണ്ണാടകത്തിന് അപമാനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.