ന്യൂഡല്‍ഹി : കോര്‍പ്പൊറേറ്റ് ഇടനിലക്കാരി നീരാ റാഡിയയെ 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ന് സി. ബി. ഐ. ചോദ്യം ചെയ്തു. ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി സി. ബി. ഐ. ആസ്ഥാനത്ത് ഹാജരാവാനുള്ള അറിയിപ്പ് ഇന്നലെയാണ് റാഡിയയ്ക്ക് നല്‍കിയത്. ഇത് പ്രകാരം റാഡിയ ഇന്ന് രാവിലെ സി. ബി. ഐ. ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
കേസില്‍ റാഡിയയുടെ പങ്ക് തങ്ങള്‍ അന്വേഷിക്കും എന്ന് സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സി. ബി. ഐ. വ്യക്തമാക്കിയിരുന്നു. അന്താരാഷ്‌ട്ര തലത്തിലുള്ള വന്‍ പ്രത്യാഘാതങ്ങള്‍ ഈ കേസില്‍ ഉണ്ടെന്നും അന്ന് സി. ബി. ഐ. കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പല പ്രമുഖരുമായും റാഡിയ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ തങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും തക്ക സമയത്ത് റാഡിയയെ തങ്ങള്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും എന്നും സി. ബി. ഐ. പറഞ്ഞിരുന്നു.
എന്നാല്‍ 2 ജി സ്പെക്ട്രം വിവാദത്തിലെ പ്രധാന കഥാപാത്രമായ മുന്‍ ടെലികോം മന്ത്രി രാജ ഇത് വരെ സി. ബി. ഐക്ക് മുന്‍പില്‍ ഹാജരായിട്ടില്ല. ഉടന്‍ ഹാജരാവണം എന്ന് കാണിച്ചു രാജയ്ക്കും ഇന്നലെ സി. ബി. ഐ. അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യ മാണെന്ന് പറഞ്ഞ് രാജ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകുകയാണുണ്ടായത്.