ന്യൂഡെല്‍ഹി: സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12-ല്‍ നിന്നും ഒമ്പതാക്കി വെട്ടിക്കുറക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ധനകാര്യ മന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിനു നല്‍കി. ആഗോള തലത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം കമ്പനികള്‍ക്ക് ലാഭം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ സബ്സിഡി ഇനത്തില്‍ ഉള്ള തുകയുടെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറക്കുവാന്‍ ഉള്ള പുതിയ നീക്കം. നിലവില്‍ 60,000 കോടി രൂപയാണ് പാചക വാതകത്തിനു സബ്സിഡിയായി നല്‍കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ വെട്ടിക്കുറക്കാതെ ജനങ്ങള്‍ക്കുള്ള സബ്സിഡികള്‍ ഒന്നൊന്നായി കുറക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വന്‍ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ജനങ്ങള്‍ പാചക വാതകത്തെ ആശ്രയിക്കുന്നുണ്ട്. നല്ല ദിനങ്ങള്‍ വരും എന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടും. 2012 – 2013ല്‍ യു. പി. എ. ഭരണ കാലത്ത് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്നും ആറായി കുറക്കുവാന്‍ ഉള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.