ന്യൂഡല്‍ഹി:തീവണ്ടി യാത്രാ നിരക്കുവര്‍ധനയെ എതിര്‍ത്ത് രംഗത്തു വന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിന് വഴങ്ങി റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി രാജി വച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയെ അറിയിച്ചു. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. രാജി സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ മീരാ കുമാര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ കത്ത് പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുത്താല്‍ ഉടന്‍ സഭയെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മമതയുടെ കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.