ന്യൂഡൽഹി: ഇന്ധന വില കുറയ്ക്കാന്‍ ആവില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വില കുറയ്ക്കുന്നത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് ഈ നിലപാട് എന്ന് ധന മന്ത്രാലയം വിശദീകരിച്ചു. ഇന്ധന വില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി തിങ്കളാഴ്ച്ച നടന്ന ബന്ദിനെ തുടര്‍ന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായി ഈ കാര്യം ചര്‍ച്ച ചെയ്തിരുന്നു. നികുതി കുറച്ച് വില വര്‍ദ്ധനവിനെ ഒരു പരിധി വരെ നേരിടാനാകും എന്നാണ് തദവസരത്തില്‍ പെട്രോളിയം മന്ത്രി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ധന മന്ത്രാലയമാണ്. പെട്രോളിയം മന്ത്രി ആവശ്യപ്പെടുന്നത് പോലെ നികുതിയില്‍ പ്രതിലിറ്ററിന് രണ്ട് രൂപ കുറച്ചാല്‍ മുപ്പതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടാവും എന്ന് ധന മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ തല്‍ക്കാലം ഇന്ധന വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കേണ്ടതില്ല എന്ന് ധന മന്താലയത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായി.