ന്യൂഡെല്‍ഹി: ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുകയാണോ എന്ന് രാഷ്ടീയ വൃത്തങ്ങള്‍ ഉറ്റു നോക്കുന്നു. നരേന്ദ്ര മോഡിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കിയ നടപടിയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്ന അഡ്വാനി പാര്‍ട്ടിയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടാണ് അഡ്വാനിയെ അനുനയിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം അഡ്വാനിയുടെ വിശ്വസ്ഥരില്‍ പ്രധാനിയായ സുധീന്ദ്ര കുല്‍ക്കര്‍ണി നരേന്ദ്ര മോഡിയേയും, ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനേയും പരിഹസിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും എഴുതിയ ലേഖനം കീഴടങ്ങാന്‍ തയ്യാറല്ല എന്ന അഡ്വാനി പക്ഷത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിച്ചിരിക്കുന്ന കപട ബുദ്ധിജീവിയായാണ് രാജ്‌നാഥ് സിങ്ങിനെ പരിഹസിക്കുന്നത്.ഗുജറാത്തില്‍ മറ്റു ബി.ജെ.പി നേതാക്കളെ വളരുവാന്‍ അനുവദിക്കാത്ത ആളാണ് നരേന്ദ്ര മോഡിയെന്നും പറയുന്ന കുല്‍ക്കര്‍ണി അദ്ദേഹത്തെ ഏകാധിപതിയായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇത്തരം ഒരാള്‍ ദേശീയ നേതൃത്വത്തില്‍ ഇത്രയും വലിയ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയതെന്ന് കുല്‍ക്കര്‍ണി ചോദിക്കുന്നത്. 85-ആം വയസ്സിലും അഡ്വാനി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുവാന്‍ യോഗ്യനാണെന്ന് കുല്‍ക്കര്‍ണി പറയുന്നു.
ബി.ജെ.പിയെ കെട്ടിപ്പടുക്കുവാന്‍ ദശകങ്ങളായി യത്നിച്ച ഒരാളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു കൊണ്ട് മുന്നോട്ട് പോകുന്നത് നല്ലതല്ലെന്ന് ലേഖകന്‍ പറയുന്നു. 2005-ലെ ജിന്ന വിവാദത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുവാന്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്ന കുല്‍ക്കര്‍ണി ഇക്കാര്യത്തില്‍ ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തുന്നുണ്ട്. ലേഖനം പുറത്ത് വന്നതിനു ശേഷം ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതുമായി അഡ്വാനി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയിലേയും ദേശീയ രാഷ്ടീയത്തിലെയുംപുതിയ സംഭവ വികാസങ്ങളും ഇരുവരും ചെച്ച ചെയ്തതായാണ് സൂചന.
പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ന്നു വരുന്നതിനുള്ള നരേന്ദ്ര മോഡിയുടെ ശ്രമങ്ങളെ തകര്‍ത്തുകൊണ്ടാണ് അഡ്വാനിയുടെ രാജിയും ഒപ്പംതന്നെ ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ എന്‍.ഡി.എ സഖ്യം വിട്ടതും. ബി.ജെ.പി സഖ്യത്തോടെ ബീഹാറില്‍ ഭരണം നടത്തിവന്ന സഖ്യം വിട്ട് നിധീഷ് കുമാര്‍ കോണ്‍ഗ്രസ്സ് പിന്തുണയോടെ വിശ്വാസ വോട്ട് നേടുകയും ചെയ്തു. നരേന്ദ്രമോഡിയുടെ നിലപാടുകളോട് എന്നും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന നിധീഷിന്റെ ചേരിമാറ്റം ബി.ജെ.പിയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ജയലളിത ഒഴികെ എന്‍.ഡി.യെ സഖ്യത്തെ അനുകൂലിക്കുന്ന ഭൂരിപക്ഷം കക്ഷികളും ബി.ജെ.പിയില്‍ സുഷമ സ്വരാജ് ഉള്‍പ്പെടെ ഉള്ള നേതാക്കളും അഡ്വാനിയെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ ആര്‍.എസ്.എസിന്റെ പിന്തുണയോടെ കടന്നുവന്ന മോഡിയെ പ്രത്യക്ഷത്തില്‍ എതിര്‍ത്തുകൊണ്ട് ബി.ജെ.പിയിലെ മുന്‍ നിര നേതാക്കള്‍ രംഗത്ത് വരുന്നുമില്ല. എന്നാല്‍ ഉള്‍ത്തളങ്ങളില്‍ പുകയുന്ന അസംതൃപ്തി മറ നീക്കി പുറത്ത് വന്നാല്‍ അത് ബി.ജെ.പിയുടെ പിളര്‍പ്പിലേക്കാവും നയിക്കുക.