ലഖ്‌നൌ: ഹേമ മാലിനിയുടേയും മാധുരി ദീക്ഷിതിന്റേയും കവിളുകള്‍ പോലെയുള്ള റോഡുകള്‍ നിര്‍മ്മിക്കും എന്ന ഉപമ നടത്തിയതിനു ഉത്തര്‍പ്രദേശ് ഖാദി-ഗ്രാമോദ്യോഗ് വകുപ്പ് മന്ത്രിയെ പുറത്താക്കി. റോഡ് വികസനത്തെ കുറിച്ച് പ്രതാപ് ഖഡിലെ ഒരു പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രിരാജാറാം പാണ്ഡെ ബോളിവുഡ്ഡ് നടിമാരുടെ കവിളുകളെ കുറിച്ച് പരാമര്‍ശിച്ചത്. മന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തിനു വഴിവച്ചു. പ്രതിഷേധം ശക്തമായതോടെ ഗവര്‍ണര്‍ ബി.എല്‍ ജോഷിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും രാജാറാം പാണ്ഡെയെ പുറത്താക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു.
പാണ്ഡെയുടെ പ്രസ്ഥാവനയ്ക്കെതിരെ സ്ത്രീ സംഘടനകളും ബി.ജെ.പി ഉള്‍പ്പെടെ നിരവധി രാഷ്ടീയ കക്ഷികളും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കുവാന്‍ ആകില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു. നേരത്തെയും സ്ത്രീകളുടെ ശരീരവുമായി ബന്ധപ്പെടുത്തി ചില രാജാറാം പാണ്ഡെ പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായിരുന്നു. സുന്ദരിയായ ജില്ലാകളക്ടര്‍ ഉണ്ടായിരുന്നത് തന്റെ ഭാഗ്യമാണെന്ന് ഇദ്ദേഹം പറഞ്ഞത് വന്‍ വിവാദമായിരുന്നു.