ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് ഏതൊക്കെ രൂപത്തില്‍ അവശേഷിക്കുന്നുണ്ടെന്നും അവ എങ്ങനെ ഒഴിവാക്കാമെന്നും അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റുമതി ചെയ്യാന്‍ കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. അസംസ്‌കൃത വസ്‌തുക്കളും ബാക്കിയുളള ശേഖരവും എന്തുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കീടനാശിനി കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന് ദോഷകരമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കോടതി വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ കോടതി നടത്തിയ സുപ്രധാന തീരുമാനമാണിത് സുപ്രീംകോടതിയുടെ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉപദേശം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങള്‍ക്ക് ആവശ്യമില്ലാത്തതിനാല്‍ കൂടുതല്‍ കയറ്റുമതി ചെയ്യാനും കഴിയുന്നില്ല.
പഠന സമിതിയുടെ റിപ്പോര്‍ട്ട് എന്തു തന്നെയായാലും അംഗീകരിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് എസ്. എച്ച്. കപാഡിയ, ജസ്‌റ്റിസുമാരായ ഏ. കെ. പട്‌നായ്‌ക്,സ്വതന്ത്രകുമാര്‍ എന്നിവരടങ്ങുന്ന ബഞ്ച് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ജൂലൈ 23 നകം അറിയിക്കണം.