തിരുവനന്തപുരം : മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന് എതിരെ ഉള്ള അഴിമതി ആരോപണത്തിന്മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണം എന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടു. ഡല്‍ഹിയില്‍ അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ മൂത്ത മകളുടെ ഭര്‍ത്താവായ പി. വി. ശ്രീനിജന്‍ തന്റെ വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ വാരിക്കൂട്ടിയതായി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന് എതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ പ്രസ്താവനയും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ, ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവായ എന്‍. ജെ. ബെന്നിയും, സഹോദരനും കേരള ഹൈക്കോടതിയില്‍ പ്രത്യേക സര്‍ക്കാര്‍ പ്ലീഡറുമായ കെ. ജി. ഭാസ്ക്കരനും ചേര്‍ന്ന് നടത്തിയ സംശയാസ്പദമായ ചില ഭൂമി ഇടപാടുകളുടെ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.
കെ. ജി. ഭാസ്ക്കരനോട് രാജി വെക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം അവധിയില്‍ പ്രവേശിക്കുകയാണ് ഉണ്ടായത്.
തനിക്ക് ഭാസ്കരനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നും, പരാതി ലഭിക്കുന്ന പക്ഷം ഉടനടി ഭാസ്കരനെതിരെ നടപടി സ്വീകരിക്കും എന്ന് മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു.
- ജെ.എസ്.