തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് (ബി) യുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ട മന്ത്രി ഗണേശ് കുമാര്‍ രാജിക്കൊരുങ്ങുന്നതായി സൂചന. രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തേയും മുഖ്യമന്ത്രിയേയും അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്ന നിര്‍ണ്ണായക യോഗത്തില്‍ ഗണേശ് കുമാര്‍ പങ്കെടുത്തില്ല. ഇതേ തുടര്‍ന്ന് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഗണേശ് കുമാറിനെ ഒഴിവാക്കിയതായി പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള വക്തമാക്കി. പാര്‍ട്ടിയോഗത്തില്‍ പുതിയ ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി കെ. ബി. ഗണേശ് കുമാറിന്റെ പേര്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുവാന്‍ ആകില്ലെന്നാണ് പാര്‍ട്ടിയിലെ പിള്ള അനുകൂലികള്‍ പറയുന്നത്.
മന്ത്രിയെന്ന നിലയില്‍ ഗണേശ് കുമാറിനെ കൊണ്ട് പാര്‍ട്ടിക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും മന്ത്രി സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. എന്നാല്‍ ഗണേശ് കുമാറിനെ ഒഴിവാക്കുന്നതില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം ശക്തമായാ പ്രതിഷേധം രെഖപ്പെടുത്തുകയും മന്ത്രിക്ക് അനുകൂലമായി യോഗത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ വാഗ്‌വാദ്വമായപ്പോള്‍ യോഗം പിരിച്ചു വിട്ടതായി ആര്‍. ബാലകൃഷ്ണപിള്ള പ്രഖ്യാപിക്കുകയായിരുന്നു. ഒരു പക്ഷെ പുതിയ സംഭവ വികാസങ്ങള്‍ കേരള കോണ്‍ഗ്രസ്സ് (ബി)യില്‍ ഒരു പിളര്‍പ്പിനു വഴിവെച്ചേക്കും.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം