തിരുവവനന്തപുരം: സി. പി. എം- സി. പി. ഐ സംസ്ഥാന നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും നിലവാരം കുറഞ്ഞ ഭാഷയുമായി പോര്‍വിളി തുടരുന്ന പശ്ചാത്തലത്തില്‍ ഇടതു മുന്നണിയില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമാകുന്നു. സി. പി. എം സംസ്ഥാന സമ്മേളന പോസ്റ്ററില്‍ യേശു കൃസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് സി. പി. ഐ നേതാവ് സി. കെ.ചന്ദ്രപ്പന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. സി. പി. എം സംസ്ഥാന സമ്മേളനത്തില്‍ ഇവന്റ് മേനേജ്മെന്റ് സ്ഥാപനത്തെ നിയോഗിച്ചതായി സി. പി. ഐ ആരോപിച്ചു. ഇതില്‍ ക്ഷുഭിതരായ സി. പി. എം നേതൃത്വം ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു. ഈവന്റ് മാനേജ്മെന്റ് കമ്പനികളാണ് സി. പി. എം സംസ്ഥാന സമ്മേളനം നടത്തിയതെന്ന പരാമര്‍ശത്തെ അല്പന്‍ അല്പത്തം പറഞ്ഞതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസാര ഭാഷ മാന്യവും അന്തസ്സുള്ളതുമാകണമെന്നായിരുന്നു ചന്ദ്രപ്പന്‍ ഇതിനോട് പ്രതികരിച്ചത്. ഇടതു ഐക്യം ശക്തിപ്പെടണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്ര നേതാക്കളെ ഇരുത്തിക്കൊണ്ടുതന്നെ ഇരു പാര്‍ട്ടികളുടേയും സംസ്ഥാന സമ്മേണന വേദികള്‍ പരസ്പരം പോര്‍വിളിക്കുന്ന തലത്തിലേക്ക് തരം താഴുകയുണ്ടായി. സമ്മേളനം കഴിഞ്ഞെങ്കിലും മാധ്യമങ്ങളിലൂടെ പാര്‍ട്ടി നേതാക്കന്മാര്‍ വാക്‍പോരു തുടര്‍ന്നു കൊണ്ടിരിക്കുന്നു. ചന്ദ്രപ്പനു കമ്യൂണിസ്റ്റ് ഗുണമില്ലെന്ന് ഈ. പി ജയരാജനു മറുപടിയായി സാന്റിയാഗോ മാര്‍ട്ടിന്റെ സ്കൂളില്‍ നിന്നും കമ്യൂണിസം പഠിച്ചയാളല്ല ചന്ദ്രപ്പനെന്ന് ബിനോയ് വിശ്വവും തിരിച്ചടിച്ചു. പ്രമുഖ കക്ഷികളുടെ പരസ്യമായ വിഴുപ്പലക്കല്‍ ഇടതു മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ അസ്വസ്ഥരാണ്. സി. പി. എം-സി. പി. ഐ വാക്‍പോരിനു ഇരുപാര്‍ട്ടികളുടേയും കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിയുടെ കെട്ടുറപ്പു തന്നെ താറുമാറാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഷളായിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം