ആലപ്പുഴ: ആര്‍. എസ്. പിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി ഇരവിപുരം എം. എല്‍. എ എ. എ അസീസിനെ തിരഞ്ഞെടുത്തു. എട്ടു പുതു മുഖങ്ങള്‍ ഉള്‍പ്പെടെ 46 അംഗ സംസ്ഥാന കമ്മറ്റിയേയും സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി രാമകൃഷ്ണപിള്ള സ്ഥാനമൊഴിയുവാന്‍ വിസ്സമ്മതിച്ചിരുന്നു. തന്നെ മത്സരിച്ച് തോല്പിക്കുവാന്‍ അദ്ദേഹം ചന്ദ്രചൂഢന്‍ പക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മത്സരം ഒഴിവാക്കുവാന്‍ നടന്ന സമവായ ചര്‍ച്ചകളിലും വി. പി രാമകൃഷ്ണപിള്ള വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. തുടര്‍ന്ന് മത്സരിക്കുവാനുള്ളവരുടെ പാനല്‍ ചന്ദ്രചൂഢ വിഭാഗം തയ്യാറാക്കുകയും മത്സരം നടന്നാല്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വരും എന്ന് തീര്‍ച്ചയായതോടെ അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. നേരത്തെ നടന്ന ചര്‍ച്ചകളില്‍ സമ്മേളന പ്രതിനിധികള്‍ ശക്തമായ വിമര്‍ശനമാണ് രാമകൃഷ്ണപിള്ളയ്ക്കെതിരെ ഉയര്‍ത്തിയത്.
ഇടതു ഐക്യം ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുമെന്ന് എ. എ. അസീസ് പറഞ്ഞു. 1960-ല്‍ ആര്‍. എസ്. പിയിലേക്ക് കടന്നുവന്ന എ. എ അസീസ് കൊല്ലത്ത് കശുവണ്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധന പങ്കാണ് വഹിച്ചിട്ടുള്ളത്. യു. ടി. യു. സിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് അദ്ദേഹം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം