തിരുവനന്തപുരം: എസ്. എഫ്. ഐ നേതാവായിരുന്ന സിന്ധു ജോയിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ “അഭിസാരികാ”പരാമര്‍ശം വിവാദമാകുന്നു. വി. എസിനെ നിലക്കു നിര്‍ത്തുവാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തയ്യാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. വി. എസിന്റെ പരാമര്‍ശം ഹീനമാണെന്ന് പറഞ്ഞ ലതിക സുഭാഷ് ഇതേകുറിച്ച് വൃന്ദാകാരാട്ടിന് എന്താണ് പറയുവാനുള്ളതെന്നും ചോദിച്ചു.
വി. എസിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി അംഗം കൂടിയായ ടി. എന്‍. സീമ എം. പിയും രംഗത്തെത്തി. രാഷ്ടീയ കുതിരക്കച്ചവടത്തെ കുറിച്ചാണ് വി. എസ് പറഞ്ഞതെന്നും എന്നാല്‍ ഒരു സ്ത്രീയേ കുറിച്ചും ഒരു നേതാവും ഇത്തരം പദ പ്രയോഗങ്ങള്‍ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ പ്രസ്താവന വി. എസ് പുന:പരിശോധിക്കണമെന്നും ടി. എന്‍ സീമ ആവശ്യപ്പെട്ടു.
സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം ഒരു അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അച്യുതാനന്ദന്റെ അഭിസാരികാ പരാമര്‍ശത്തിനെതിരെ ചില വനിതകള്‍ ഉള്‍പ്പെടെ നിരവധി പൊതു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിട്ടുണ്ട്. ഇത്തരം പ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ് അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് നേരത്തെ സി. പി. എം വിട്ട് യു. ഡി. എഫില്‍ ചേരുകയും പിന്നീട് മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷയാകുകയും ചെയ്ത സിന്ധു ജോയിയെ കുറിച്ച് സൂചിപ്പിച്ചത്.
നേരത്തെ മലമ്പുഴ മണ്ഡലത്തില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെ കുറിച്ച് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവദമായിരുന്നു. വി. എസിനെതിരെ ലതിക സുഭാഷ് ഇതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സ്ത്രീ