തൃപ്രയാര്‍: മദ്യപാനി ആനയെ ശല്യപ്പെടുത്തി യതിനെ തുടര്‍ന്ന് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു. ഇതേ തുടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്കേറ്റു. സേതു കുളത്തിലെ ആറാട്ടു കഴിഞ്ഞ് തേവര്‍ ക്ഷേത്രത്തിലെക്ക് മടങ്ങുന്നതിനിടെ പടിഞ്ഞാറെ നടയില്‍ ആയിരുന്നു സംഭവം. തൃശ്ശൂര്‍ സ്വദേശി ഡെവീസിന്റെ ഉടമസ്ഥതയില്‍ ഉള്ള കുട്ടി ശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തിരുന്നവര്‍ ഇറങ്ങുന്ന സമയത്ത് മദ്യപിച്ചെത്തിയ ഒരാള്‍ ആനയെ ശല്യപ്പെടുത്തി. തുടര്‍ന്ന് പ്രകോപിതനായ ആനപ്പുറത്തു നിന്നും ഇറങ്ങുക യായിരുന്ന രാജീവ് എന്ന ആളെ തുമ്പി കൊണ്ട് അടിച്ചു. തടയാന്‍ ശ്രമിച്ച പാപ്പാന്‍ മനോജിനെ കുത്തുകയും ചെയ്തു. പരിക്കു പറ്റിയ ഇരുവരേയും “ആക്ട്” പ്രവര്‍ത്തകര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആന ഇടഞ്ഞതോടെ ഭക്തര്‍ പരിഭ്രാന്തരായി. ഈ സമയം കണിമംഗലം സ്വദേശി സുബിന്‍ ഇറങ്ങുവാനാകാതെ ആനയുടെ പുറത്ത് ഇരിക്കുകയായിരുന്നു. എന്നാല്‍ ആന പിന്നീട് പരാക്രമം ഒന്നും കാട്ടാതെ ശാന്തനായി. അപ്പോഴേക്കും പ്രമുഖ ആന ചികിത്സകന്‍ ഡോ. രാജീവും ഉടമ ഡേവീസും സ്ഥലത്തെത്തി. ആനയെ വടവും ചങ്ങലയും ഉപയോഗിച്ച് ബന്ധിച്ച് വരുതിയിലാക്കി. ആന പൂര്‍ണ്ണമായും ശാന്തനായെന്ന് ഉറപ്പായതോടെ ലോറിയില്‍ കയറ്റി കൊണ്ടു പോയി. ആറാട്ടുപുഴ പൂരത്തോട നുബന്ധിച്ചുള്ള തൂടര്‍ച്ചയായ എഴുന്നള്ളിപ്പുകളും മദ്യപന്റെ അപ്രതീക്ഷിതമായ ഇടപെടലുമാകാം ആനയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം