തിരുവനന്തപുരം: സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്‍(76) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12.10നു തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചന്ദ്രപ്പനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. മരണ സമയത്ത് സി. പി. ഐ നേതാക്കളും എം. എല്‍. എമാരും ആശുപത്രിയില്‍ ഉണ്ടയിരുന്നു. അസുഖബാധിതനായിരുന്നു എങ്കിലും ഇക്കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും പിറവം ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ചന്ദ്രപ്പന്‍ സജീവമായിരുന്നു.
വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന പുന്നപ്ര-വയലാര്‍ സമരനായകന്‍ സി. കെ. കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടി അമ്മയുടേയും മകനായി 1936-ല്‍ ആയിരുന്നു ചന്ദ്രപ്പന്റെ ജനനം. ചേര്‍ത്തലയിലും തൃപ്പൂണിത്തുറയിലും ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജ്, ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ് എന്നിവടങ്ങളില്‍ നിന്നായി ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഊര്‍ജ്ജം നന്നേ ചെറുപ്പത്തിലെ ചന്ദ്രപ്പനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ചന്ദ്രപ്പന്‍ 1956-ല്‍ എ. ഐ. എസ്. എഫിന്റെ സംസ്ഥാന സെക്രട്ടറിയായി. വിമോചന സമരകാലത്ത് വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിലും സമര രംഗത്ത് അണിനിരത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. വിദ്യാര്‍ഥി സമരകാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനും വിധേയനായിട്ടുണ്ട്. ചന്ദ്രപ്പന്റെ പോരാട്ട വീര്യം കണക്കിലെടുത്ത് നന്നേ ചെറുപ്പത്തിലേ തന്നെ പല പ്രധാന ചുമതലകളും പാര്‍ട്ടി അദ്ദേഹത്തെ ഏല്പിച്ചിരുന്നു. ഗോവ വിമോചന സമരത്തിന്റെ ചുമതലയേല്‍ക്കുമ്പോള്‍ ഇരുപത് വയസ്സായിരുന്നു ചന്ദ്രപ്പന്റെ പ്രായം. അധികാരത്തോടും സ്ഥാനമാനങ്ങളോടും അകല്‍ച്ചപാലിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും കര്‍മ്മ നിരതനായ കറകളഞ്ഞ കമ്യൂണിസ്റ്റ് എന്ന നിലയില്‍ എ. ഐ. വൈ. എഫിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് പദവിമുതല്‍ സി. പി. ഐ സംസ്ഥാന സെക്രട്ടറി പദം വരെ പാര്‍ട്ടി അദ്ദേഹത്തെ വിശ്വാസപൂര്‍വ്വം ഏല്പിച്ചു.
1970 മുതല്‍ സി. പി. ഐ ദേശീയ കൌണ്‍സില്‍ അംഗമായ ചന്ദ്രപ്പന്‍ വെളിയം ഭാര്‍ഗവന്‍ സംസ്ഥാന്‍സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറിയായത്. കൂടാതെ അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രസിഡണ്ടാണ്. മൂന്നു തവണ ലോക്‍സഭാംഗവും ഒരു തവണ നിയമസഭാംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ. ടി. ഡി. സി, കേരഫെഡ് എന്നിവയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ടീയപ്രവര്‍ത്തനത്തിനിടെ പലതവണ അദ്ദേഹത്തിനു ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഡെല്‍ഹി, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജയിലുകളില്‍ ചന്ദ്രപ്പന്‍ രാഷ്ടീയ തടവുകാരനായിരുന്നിട്ടുണ്ട്. സി. പി. ഐ വനിതാ നേതാവും അഖിലേന്ത്യാ വര്‍ക്കിങ്ങ് വുമണ്‍സിന്റെ നേതാവുമായ ബുലുറോയ് ചൌധരിയാണ് ഭാര്യ.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം